ലബനോനിൽ ഞാൻ കണ്ട സുറിയാനി ഗ്രാമങ്ങൾ…❤
ലെബനനിലെ ഒരു ന്യൂനപക്ഷ വിഭാഗമാണ് സുറിയാനിക്കാർ. മധ്യകാലഘട്ടത്തിന്റെ അവസാനത്തിൽ മംഗോളിയൻ അധിനിവേശത്തിന് ശേഷം ഒരു സിറിയക് ഓർത്തഡോക്സ് (യാക്കോബായ) സമൂഹം ലബനോനിൽ സ്ഥിരതാമസമാക്കി, എന്നാൽ പിന്നീട് ഈ സമൂഹം എണ്ണത്തിൽ ചുരുങ്ങി തുടങ്ങി. ഒരു നല്ല വിഭാഗം മറുണൈറ്റുകളുടെ കൂട്ടത്തിൽ ചേർക്കപ്പെട്ടു. അസ്മാനി എന്ന ചരിത്രകാരൻ തൻറെ രചനയിൽ, ലബനോനിലെ പല മറുണൈറ്റ് കുടുംബങ്ങളും യാക്കോബായ വംശജരാണെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതുകൂടാതെ തുർക്കിയിൽ 1915ൽ നടന്ന സിറിയൻ വംശഹത്യ കാരണം തുർ-അബ്ദീനിൽ നിന്നുള്ള ഒരു കൂട്ടം പാശ്ചാത്യ സുറിയനിക്കാരെ ലബനോനിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാക്കി. ലബനോനിൽ എത്തിയ അവർ ബെയ്റൂട്ട്, സഹലെ, മുസൈത്ബെ എന്നിവിടങ്ങളിൽ കൂട്ടം കൂട്ടമായി താമസം ഉറപ്പിച്ചു.
ലെബനീസ് ആഭ്യന്തരയുദ്ധത്തിന് മുമ്പ് (1975–1990), രാജ്യത്ത് വലിയ എണ്ണത്തിൽ സുറിയാനി ഓർത്തഡോക്സുകാർ ഉണ്ടായിരുന്നു എന്ന് ചരിത്രത്തിൽ കാണുവാൻ സാധിക്കും. എന്നാൽ ആക്രമണത്തിന്റെ ഫലമായി ഈ സമൂഹത്തിന്റെ പകുതിയും പാശ്ചാത്യ നാടുകളിലേക്ക് കുടിയേറി.
പിന്നീട്, 2003 ഇറാഖ് അധിനിവേശവും ഇറാഖിലെ യുദ്ധവും കാരണം അവിടെ നിന്നുള്ള സിറിയൻ അഭയാർത്ഥികളുടെ ഒരു കുത്തൊഴുക്ക് തന്നെയായിരുന്നു ലബനോനിലോട്ട്. സിറിയൻ ആഭ്യന്തരയുദ്ധത്തെത്തുടർന്ന് സിറിയയിൽ നിന്ന് പലായനം ചെയ്ത സുറിയാനിക്കാരുടെ കൂട്ടം 2011 മുതൽ ലബനോനിലോട്ട് പലായനം ആരംഭിച്ചു.
ഇറാഖിലെയും സിറിയയിലെയും ഐഎസ് അക്രമങ്ങളിൽ നിന്ന് പലായനം ചെയ്ത സുറിയാനിക്കാരുടെ എണ്ണം 20,000ത്തിൽ കൂടുതലായിരുന്നു എന്ന് കണക്കുകൾ പറയുന്നു.
യുദ്ധ സമയത്ത് സിറിയയിലെ ഖാമിഷ്‌ലിയിൽ നിന്നും ഖബൂർ മേഖലയിൽ നിന്നുമുള്ള ഭൂരിഭാഗം സുറിയാനിക്കാരും ലബനോനിൽ ആണ് അഭയം തേടിയത്, അവരിൽ ഭൂരിഭാഗവും ബൗച്ചേരി, അക്രഫീഹ്, ഹദത്ത്, സഹലെ എന്നിവിടങ്ങളിലാണ് ഇപ്പോഴും താമസിക്കുന്നത്.
ലബനോൻ എന്ന സുന്ദര രാജ്യത്തിൻറെ പട്ടണ പ്രദേശങ്ങൾ ആവുന്ന ബേറൂട്ട് അച്ചാനി മുതലായ സ്ഥലങ്ങളിലെ കാഴ്ചകൾ മാത്രം കണ്ട് ശീലമുള്ള വിദേശികൾക്ക് (പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ള സുറിയാനിക്കാർക്ക്) വളരെ വ്യത്യസ്തമായ അനുഭവമാണ് സിറിയൻ അതിർത്തിയോട് ചേർന്ന് കിടക്കുന്നതും, ഇസ്രായേൽ, പാലസ്തീൻ രാജ്യത്തിൻറെ അതിർത്തിയോട് വലിയ ദൂരം ഇല്ലാതെ സ്ഥിതിചെയ്യുന്ന ബിഖാ ഗവർണറേറ്റിലെ സഹലെ എന്ന ചെറുപട്ടണം.
സഹലെ പ്രദേശത്ത് ചെറു ഗ്രാമങ്ങളിൽ കൂട്ടമായി ആണ് സുറിയാനിക്കാർ അധികവും താമസിക്കുന്നത്. പ്രത്യേകിച്ച് 1915 ലെ തുർക്കിയിലെ സുറിയാനി വംശഹത്യയിൽ നിന്ന് രക്ഷപ്പെട്ട് ലബനോനിലേക്ക് പലായനം ചെയ്തവരുടെ പിൻതലമുറക്കാർ.
ഈ ഗ്രാമങ്ങളിൽ താമസിക്കുന്ന സുറിയാനിക്കാരായ ആളുകളെ കാണുവാനായി ഞാൻ കടന്നുചെന്ന ആ ദിവസത്തെ അനുഭവം എന്റെ ജീവിതത്തിൽ മുൻപ് ഒരിക്കലും ലഭിച്ചിട്ടില്ലാത്തതും ഞാൻ ഒരിക്കലും മറക്കുവാൻ സാധ്യതയില്ലാത്തതുമായ അനുഭവമായിരുന്നു.
പല ഗൾഫ്, പാശ്ചാത്യ നാടുകളിലും യാത്ര ചെയ്തിട്ടുണ്ടെങ്കിലും, പല രാജ്യങ്ങളിൽ താമസിക്കുന്ന സുറിയാനിക്കാരുമായി സമയം പങ്കിട്ടിട്ടുണ്ടെങ്കിലും അവയിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഈ യാത്ര. 2009ൽ തുർക്കിയിലെ തുർ-ആബ്ദ്ദീൻ ഗ്രാമങ്ങളിലൂടെയുള്ള യാത്ര ഇതിന് വളരെ സമാനമായിരുന്നു എങ്കിലും, അന്നത്തെ എൻ്റെ പ്രായത്തിന്റെ പക്വതകുറവ് പലതും പൂർണതോതിൽ ഉൾക്കൊള്ളുവാൻ സാധിച്ചില്ല എന്ന്, ഞാൻ ഇന്ന് തിരിച്ചറിയുന്നു.
തുർ-ആബ്ദ്ദീൻ ദേശവാസികൾക്ക് അവരുടേതായ ഒരു സംസ്കാരമുണ്ട്. 1915 തങ്ങളുടെ സ്വന്തം പ്രദേശം വിട്ട് ലബനോനിലെ പുതിയ ഒരു പ്രദേശത്ത്, പുതിയൊരു സംസ്കാരം ഉള്ള സ്ഥലത്ത് എത്തിച്ചേർന്നിട്ടും, തങ്ങളുടെതായ ആ സംസ്കാരത്തെ മുറുകെപ്പിടിച്ച് ജീവിക്കുന്ന ഒരുപറ്റം തനി ഗ്രാമീണർ.
ആ ഗ്രാമത്തിൻറെ വിളക്കായി തെളിഞ്ഞു നിൽക്കുന്ന ഒരു സുറിയാനി ഓർത്തഡോക്സ് ദൈവാലയം. ആ പള്ളിയുടെ വികാരിയച്ചൻ ഒരുതരത്തിൽ ഓരോ സുറിയാനി ഭവനങ്ങളുടെയും കാരണവരാണ്. (മറ്റൊരു സ്ഥലത്തുള്ള ഒരു വൈദികൻ തങ്ങളുടെ ഗ്രാമത്തിൽ വരുമ്പോൾ തങ്ങളുടെ വികാരിയച്ചനെ ആ വിവരമറിയിക്കുക എന്നുള്ളത് അവർ നടത്തുന്ന ആദ്യത്തെ ക്രമീകരണം)
രാവിലത്തെ അധ്വാനത്തിനു ശേഷം വൈകുന്നേരങ്ങളിൽ ഏതെങ്കിലും ഭവനത്തിന്റെ മുമ്പിലോ, അല്ലെങ്കിൽ ഒരു ചെറു പീടികയുടെ മുമ്പിലോ കസേരകൾ ഇട്ട് വട്ടത്തിലിരുന്ന് കാവ(അറബി കാപ്പി) കുടിച്ചും, ഹുക്കാ വലിച്ചും അവരുടെ സന്തോഷവും ദുഃഖവും പരസ്പരം പങ്കുവെച്ച് കൂട്ടായ്മയിൽ കഴിയുന്ന ഒരു ജനസമൂഹം. ഇന്ന് നമ്മുടെ ദേശങ്ങളിൽ നഷ്ടപ്പെട്ട ആ സാഹോദര്യത്തിന്റെ ഒരു വലിയ കാഴ്ചയായിരുന്നു അവിടെ ഞാൻ കണ്ടത്.
ലബനോനിയായ എൻറെ സുഹൃത്ത് മൈക്കിൾ അസ്ലാൻ സുറിയാനിക്കാരെ കാണിക്കാം എന്ന് പറഞ്ഞ് എന്നെ വിളിച്ചുകൊണ്ടു പോയപ്പോൾ ഇത്രയും വലിയ ഒരു അനുഭവത്തിലോട്ടാണ് എന്നെ കൊണ്ടുപോകുന്നത് എന്ന് ഞാൻ അറിഞ്ഞിരുന്നില്ല.
ഞങ്ങൾ യാത്ര തുടങ്ങുമ്പോൾ, ആദ്യമേ എൻറെ സുഹൃത്ത് ആ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തായെ വിളിച്ച് അദ്ദേഹത്തോട് ഇന്ത്യയിൽ നിന്നുള്ള ഒരു വൈദികൻ ഞങ്ങളുടെ ഗ്രാമത്തിലോട്ട് വരുന്നുണ്ട് എന്ന് അറിയിച്ചു. (അതിനുമുമ്പ് പാത്രിയർക്ക ആസ്ഥാനത്ത് വെച്ച്, ആ മെത്രാപ്പോലീത്ത എന്നെ കണ്ടിരുന്നു, ഞങ്ങൾ പരസ്പരം അറിയാവുന്നവരുമാണ്)
തുടർന്ന് ആ ഗ്രാമത്തിലെ പള്ളിയിലെ വികാരിയച്ചനെ വിളിച്ച് കാര്യം അറിയിച്ചു, എന്നെ ആ ദൈവാലയത്തിലേക്ക് കൂട്ടിക്കൊണ്ടു ചെല്ലുവാൻ ആ വൈദികൻ ആവശ്യപ്പെട്ടതനുസരിച്ച് ഞങ്ങൾ ആദ്യമേ അവിടെയെത്തി. നല്ല പഴക്കം ഉണ്ടായിരുന്ന ഒരു ദൈവാലയം ആയിരുന്നു, എന്നാൽ ഇടക്കാലത്തെ ആക്രമണങ്ങളിൽ ആ ദൈവാലയം തകർക്കപ്പെട്ടു, ഇപ്പോൾ അവിടെയുള്ളത് പുതുക്കിപ്പണിത ഒരു ദൈവാലയമാണ്. ആത്മീയ ചൈതന്യം തുളമ്പി നിൽക്കുന്ന ആ ദൈവാലയത്തിൽ പ്രാർത്ഥന നടത്തി, തുടർന്ന് ആ വൈദികനോട് സൗഹൃദ സംഭാഷണം നടത്തി അവിടെനിന്ന് ആ ഗ്രാമത്തിലെ വീടുകൾ സന്ദർശിക്കാനായി ഞങ്ങൾ ഇറങ്ങി.
ആ പ്രദേശത്ത് ആദ്യമായിയാണ് ഒരു ഇന്ത്യൻ വംശജനായ സുറിയാനി ഓർത്തഡോക്സ് വൈദികൻ കടന്നു ചെല്ലുന്നത് എന്നാണ് അവരിൽ നിന്ന് അറിയുവാൻ സാധിച്ചത്. എന്തായാലും ഓരോ ഭവനങ്ങളിലും ലഭിച്ച സ്വീകരണം അതിശ്രേഷ്ഠമായിരുന്നു.
ഇന്ത്യയിലുള്ളതിൽ നിന്ന് വ്യത്യസ്തമാണ് അവിടുത്തെ വൈദികരുടെ കാര്യം. ഒരു വൈദികൻ ഒരു ദൈവാലയത്തിനു വേണ്ടിയാണ് പട്ടം ഏൽക്കുന്നത്( ഇടവക പട്ടം). അദ്ദേഹത്തിൻറെ മരണംവരെ അല്ലെങ്കിൽ റിട്ടയേഡ് ആകുന്നതുവരെ ആ വൈദികൻ തന്നെയാണ് ആ ദൈവാലയത്തിന്റെ വികാരി. ആയതുകൊണ്ട് പുതിയ ഒരു വൈദികൻ പലപ്പോഴും പട്ടമേറ്റ് വരുന്നത് അദ്ദേഹത്തിൻറെ 35-40 വയസ്സിനു ശേഷവും ആയിരിക്കും. അതിലും ചെറുപ്രായത്തിൽ ഒരാളെ ഇടവകയിക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന സാഹചര്യവും വളരെ വിരളമാണ്.
ആയതുകൊണ്ട് പലപ്പോഴും യുവ വൈദികരെ ആ ഗ്രാമീണർ അധികം കണ്ടിട്ട് ഇല്ല. (യുവ ദയറാക്കാർ ഒഴികെയുള്ളവരുടെ കാര്യമാണ് ഉദ്ദേശിച്ചത്). എന്തായാലും മുകളിൽ പറഞ്ഞ പല കാരണങ്ങളാൽ തന്നെ ഇന്ത്യൻ വംശജനായ ഒരു യുവ വൈദികൻ എന്ന നിലയിൽ അവർക്ക് എന്നെ കണ്ടത് പുതിയൊരു അനുഭവം തന്നെയായിരുന്നു.
തങ്ങളുടെ ഗ്രാമത്തിലെ സ്ഥിരം കാണുന്ന പുരോഹിതൻ അല്ലാതെ മറ്റൊരു പുരോഹിതൻ തങ്ങളുടെ ഭവനങ്ങളിൽ കടന്നുവരുന്നത് പലപ്പോഴും അത്യപൂർവ്വമായി നടക്കുന്ന ഒരു സംഗതിയാണ് ആ ഗ്രാമീണരെ സംബന്ധിച്ച്, അതുകൊണ്ടുതന്നെ സാധാരണക്കാരും, കറ തീർന്നു വിശ്വാസികളുമായ അവർ സാക്ഷാൽ കർത്താവ് തമ്പുരാനെ സ്വീകരിക്കുന്ന അതേ മനോഭാവത്തോടുകൂടിയാണോ എന്നെ സ്വീകരിക്കുന്നത് എന്ന് എനിക്ക് തോന്നിപ്പോയി.
സമയം വളരെ കുറവായിരുന്നു, ആയതുകൊണ്ട് കുറച്ചു ഭവനങ്ങൾ മാത്രമേ സന്ദർശിക്കാൻ സാധിചൊള്ളു. അടിക്കടി ഉണ്ടാകുന്ന യുദ്ധങ്ങൾ, കൊറോണയുടെ സംഹാരതാണ്ഡവം എല്ലാം കാരണം ആടിയുലഞ്ഞ ലബനോൻ്റെ, തകർന്നടിഞ്ഞ സാമ്പത്തിക മേഖലയും( $1 =29,000 LL), മതഭ്രാന്തന്മാരുടെ തേർവാഴ്ചയും ഒക്കെ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ പല കുടുംബങ്ങളിലും നിഴലിച്ചു നിൽക്കുന്നുണ്ടെങ്കിലും ദൈവാശ്രയ ബോധവും, അടിയുറച്ച വിശ്വാസവും അവരെ ശക്തമായി മുന്നോട്ട് നയിക്കുന്നു. പോയ ഭവനങ്ങളിലൊക്കെ സൗഹൃദം പങ്കുവയ്ക്കുകയും, അവരുടെ സന്തോഷവും വിഷമവും ഒക്കെ കേൾക്കുകയും, പ്രാർത്ഥിക്കുകയും ചെയ്തു, പരസ്പരം സമാധാനം ആശംസിച്ചു ഇറങ്ങിയപ്പോൾ സത്യത്തിൽ സ്വന്തം ആളുകളെ വിട്ടു ദൂരത്തേക്ക് യാത്ര ചെയ്യുന്ന അതേ അനുഭൂതിയായിരുന്നു. (സന്ദർശിച്ച ഭവനങ്ങളിൽ ഒന്ന് പരി: ഏലിയാസ് ത്രിതീയൻ പാത്രിയർക്കീസ് ബാവയുടെ പിതാവിൻ്റെ ജേഷ്ഠ-സഹോദരൻ്റെ കൊച്ചു മക്കളുടെ കുടുംബവും ഉൾപ്പെടുന്നു)
തുടർന്ന് ആ ഗ്രാമത്തിലെ ഒരു ചെറുകടയുടെ മുമ്പിൽ കസേരകൾ വട്ടത്തിൽ ഇട്ട് സൊറ പറഞ്ഞിരിക്കുന്നവരുടെ അടുത്തേക്കാണ് എന്റെ സുഹൃത്ത് എന്നെ കൊണ്ടുപോയത്. അവരിൽ ബഹുഭൂരിപക്ഷവും ടർക്കിയിലെ കുർക്കുമ്മ ദയറായുടെ സമീപവാസികൾ ആയിരുന്നവരുടെ പിൻതലമുറക്കാരാണ്, എനിക്ക് വ്യക്തിപരമായി ആ ദയറായുമായിട്ടുള്ള ബന്ധം (ശെമ്മാശ പട്ടം സ്വീകരിച്ച സ്ഥലം) അറിയാവുന്നതു കൊണ്ടാണ് എൻറെ സുഹൃത്ത് എന്നെ അവിടേക്ക് കൊണ്ടുപോയത്. എൻറെ കാര്യങ്ങൾ മനസ്സിലാക്കിയ അവിടെ ഉണ്ടായിരുന്നവർ വളരെ സ്നേഹപൂർവ്വം എന്നെ സ്വീകരിച്ചു. ഏകദേശം രണ്ടു മണിക്കൂറിൽ കൂടുതൽ അവരുമായി സൗഹൃദം പങ്കിട്ടു. മിക്ക ആളുകൾക്കും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല. എൻറെ സുഹൃത്ത് എൻറെ വാക്കുകൾ അവരുടെ ഭാഷയിലേക്ക് തർജ്ജിമ ചെയ്യും, അവർ പറയുന്നത് തിരിച്ച് എനിക്ക് മനസ്സിലകതക്ക രീതിയിൽ ഇംഗ്ലീഷിലേക്കും.
ഭാഷയ്ക്കും വംശത്തിനും രാജ്യത്തിനും ഒക്കെ അതീതമായി എന്നെയും അവരെയും ബന്ധിപ്പിച്ച ഒരു ഘടകം സുറിയാനി ഓർത്തഡോക്സ് സഭ എന്ന അമ്മയാണ്.❤
വളരെ വൈകാരികം ആയിരുന്നു ആ മണിക്കൂറുകൾ. 1915ലെ വംശഹത്യ ഭയന്ന് ഒരു രാജ്യത്ത് നിന്ന് ഓടിവന്ന മറ്റൊരു രാജ്യത്ത് അഭയാർത്ഥികളായി താമസിക്കുകയും 100 വർഷത്തിനിപ്പുറത്ത് ഇന്നും അതേ പീഡനങ്ങൾ തുടരുകയും വീണ്ടും ഇവിടുന്ന് മറ്റൊരു രാജ്യത്തേക്ക് ഓടേണ്ട സാഹചര്യത്തിൽ നിൽക്കുന്നവരുടെ വികാരം സുരക്ഷിതമായ കേരളത്തിൽ താമസിക്കുന്നത് നമുക്ക് എത്രമാത്രം ഉൾക്കൊള്ളുവാൻ സാധിക്കുമെന്ന് എനിക്കറിയില്ല.
അതിൽ ഒരു സുഹൃത്ത് എന്നോട് ചോദിച്ച ഒരു ചോദ്യം എന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു.
ആബൂനാ (അച്ചാ) ഞങ്ങളുടെ പൂർവികർ ഈ സത്യവിശ്വാസത്തെ നിലനിൽക്കുവാൻ വേണ്ടി, ഞങ്ങടെ ദേശമായ തുർ-ആബ്ദിൻ വിട്ട് ഇവിടെ വന്ന് ഈ വിശ്വാസത്തിൽ നിലനിന്നു, ഇവിടെയും ഞങ്ങൾക്ക് അതേ പീഡനം നേരിടുന്നു, ഞങ്ങൾ എന്താണ് ചെയ്യേണ്ടത്? ഈ വിശ്വാസം ഉപേക്ഷിക്കണോ? ഉത്തരം മുട്ടി മൗനമായി നിന്ന എൻറെ അടുക്കൽ വന്ന് അയാൾ എൻറെ കൈ പിടിച്ചു ചുംബിച്ചു, എന്നിട്ട് പറഞ്ഞ വാക്കുകൾ.
"ഞങ്ങളുടെ സർവ്വ സ്വത്തും, എന്തിന് ഈ ജീവൻ നഷ്ടപ്പെട്ടാലും ഞങ്ങളുടെ സത്യവിശ്വാസത്തെ ഉപേക്ഷിക്കില്ല എന്ന്". കണ്ണ് നിറഞ്ഞു പോയി ആ സഹോദരൻറെ വാക്കുകൾ കേട്ട്.
തുടർന്ന് വളരെ സന്തോഷത്തോടെ പല കാര്യങ്ങളും ഞങ്ങൾ സംസാരിച്ചു. ഞാൻ അവിടെ നിന്ന് യാത്ര പറയാൻ തുടങ്ങിയപ്പോൾ, അവർ എന്നോട് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടു. എവിടെ നിന്ന് പ്രാർത്ഥിക്കും എന്ന് ചോദിച്ചപ്പോൾ, ഇവിടെ ഈ റോഡിൽ നിന്ന് നമുക്ക് പ്രാർത്ഥിക്കാം. ഞാൻ അവരോട് ഇതൊരു പൊതു റോഡല്ലേ എന്ന് ചോദിച്ചപ്പോൾ, അവർ പറഞ്ഞ രണ്ടു മറുപടികൾ, 1. ദൈവത്തെ ആരാധിക്കാൻ പ്രത്യേക സ്ഥലം വേണോ? 2. ഇത് ഞങ്ങൾ സുറിയാനിക്കാരുടെ സ്ഥലമാണ്. ഇവിടെ എവിടെ നിന്ന് വേണമെങ്കിലും ആബൂനായിക്ക് പ്രാർത്ഥിക്കാം.
തുടർന്ന് അവരോട് ചേർന്ന് നിന്ന് ആബൂൻ ദ് ബശ്മായോ (സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ) ചൊല്ലി പരസ്പരം ആലിംഗനം ചെയ്തു ഫ്ശ് ബശലോമോ പറഞ്ഞു അവിടെനിന്ന് പിരിഞ്ഞത് വാക്കുകൾക്കതീതമായ നിർവൃതിയോടെ ആയിരുന്നു.
ഈ കുറിപ്പ് ചുരുക്കുമ്പോൾ, ഇവിടെ ദൈവാനുഗ്രഹത്താൽ സുരക്ഷിതരായി കഴിയുന്ന എൻറെ സഹോദരങ്ങളോട് ഓർമപ്പെടുത്താൻ ഉള്ളത്….
നമ്മൾ വിശ്വാസത്തിൽ ഇനിയും ഒത്തിരി വളരേണ്ടിയിരിക്കുന്നു. പീഡനം എന്താണ് എന്നുള്ളത് നമ്മൾ ഒരിക്കലും അറിഞ്ഞിട്ടില്ല. ആ ഗ്രാമത്തിന് അപ്പുറവും ഇപ്പുറവും പട്ടാളത്തിന്റെയും, ഒരു തീവ്രവാദ സംഘടനയുടെയും (പേരു വെളിപ്പെടുത്താൻ താല്പര്യം ഇല്ല) നിയന്ത്രണത്തിലുള്ള പ്രദേശങ്ങളാണ്. അവരുടെ നടുവിൽ, ജീവൻ കയ്യിൽ പിടിച്ച് വിശ്വാസത്തിനു വേണ്ടി നിലകൊള്ളുന്ന നമ്മുടെ സഹോദരങ്ങൾ. അവർ ഈ നൂറ്റാണ്ടിലെ നമ്മുടെ വിശുദ്ധന്മാരാണ്, നമ്മുടെ വിശ്വാസ യാത്രയിലെ വഴികാട്ടികളാണ്.
നമ്മൾ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടവരാണ്. ആഡംബര ദൈവാലയങ്ങളും, മണിമന്ദിരങ്ങളും ദൈവാനുഗ്രഹത്തെ വെല്ലുവിളിക്കുന്നതായി തീരാതിരിക്കാൻ നാം സൂക്ഷിക്കണം. അവിടെ ഞാൻ കണ്ടത്, സാമ്പത്തിക മാന്ദ്യത്തിന്റെ തീവ്രത അനുഭവിക്കുന്ന ഒരു ജനസമൂഹം, സ്വയം സ്വപ്നങ്ങൾക്ക് പരിധി നിശ്ചയിച്ച് ജീവിക്കുന്ന സാധാരണ മനുഷ്യർ. അവരുടെ സ്വപ്നങ്ങളിൽ ശതകോടികളുടെ അമ്പരപ്പിക്കുന്ന സൗഭാഗ്യങ്ങൾ ഇല്ല. ദൈനംദിന ജീവിതത്തിൻറെ അപ്പം മാത്രം.
അവിടെ കഷ്ടപ്പെടുന്ന, സത്യവിശ്വാസത്തിൽ നിലനിൽക്കുന്ന നമ്മുടെ സഹോദരങ്ങളുടെ ഉന്നമനത്തിനായി, പരിശുദ്ധ പാത്രിയർക്കീസ് ബാവായും അവിടെയുള്ള നമ്മുടെ അഭി:പിതാക്കന്മാരും വളരെയേറെ കഷ്ടപ്പെടുന്നുണ്ട്, അവർക്ക് പരിശുദ്ധാത്മാവിന്റെ നല്ലവരം ലഭിക്കുവാനും, കൂടുതൽ പ്രവർത്തിക്കാനും ദൈവം ഇട നൽകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ഒപ്പം നമ്മുടെ ആ സഹോദരങ്ങൾക്ക്, അവരാഗ്രഹിക്കുന്ന പോലെ അവരുടെ സ്വന്തം നാട്ടിൽ സന്തോഷത്തോടെ സമാധാനത്തോടെ അവർ ആഗ്രഹിക്കുന്ന വിശ്വാസത്തിൽ ജീവിക്കുവാൻ ദൈവം അനുഗ്രഹങ്ങൾ ചെയ്യുവാനായിട്ട് നമുക്ക് പ്രാർത്ഥിക്കാം.
ഫാ തോമസ് പൂതിയോട്ട്.
Comments
Post a Comment