മോർ യൂലിയോസ് കുരിയാക്കോസ് മെത്രാപ്പോലീത്ത. (Mor Julius Kuriakose Metropolitan)
1933 ജൂലൈ മാസം ആറാം തീയതി വെളിയനാട് കൊച്ചുപുരയ്ക്കൽ വർക്കിയുടേയും ഏലിയാമ്മയുടേയും ഇളയമകനായി കെ വി കുരിയാക്കോസ് എന്ന ഒരു ബാലൻ ജനിച്ചപ്പോൾ പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളിൽ ഒന്ന് ഈ ബാലനിൽ നിക്ഷിപ്തമാകും എന്ന് അന്ന് ആരും കരുതിയിരുന്നില്ല.
ഉദരത്തിൽ വച്ച് തന്നെ ദൈവം തൻറെ അഭിഷിക്തന്മാരെ തിരഞ്ഞെടുക്കുന്നു എന്നതിന് ഒരു തെളിവു പോലെ ബാലനായ കുര്യാക്കോസ് ചെറുപ്പം മുതൽ സത്യവിശ്വാസത്തോട് ചേർന്ന് നിൽക്കുവാൻ താല്പര്യപ്പെട്ടു. ആ ജീവിതശൈലി ക്രമപ്പെടുത്തുന്നതിന് തന്റെ പ്രിയ മാതാവ് ഏലിയാമ്മയുടെ സ്നേഹ വാത്സല്യങ്ങളും ഉപദേശങ്ങളും ഒരു വഴിവിളക്ക് പോലെ അദ്ദേഹത്തിന്റെ മുമ്പിൽ ജ്വലിച്ചു.
ചാക്കോ, വർഗ്ഗീസ്, മാത്യു എന്നീ മൂന്നു സഹോദരങ്ങളോടൊപ്പം സ്വഭവനത്തിൽ താമസിക്കുമ്പോഴും, വെളിയനാട് ഗവ. എൽ.പി. സ്കൂൾ, രാമങ്കരി എൻ. എസ്.യു.പി. സ്കൂൾ, ആലപ്പുഴ ലിയോ 13-ാമൻ ഹൈസ്കൂൾ, പുളിങ്കുന്ന് സെന്റ് ജോസഫ് എച്ച്.എ സ്. തിരുവല്ല എം.ജി.എം.എച്ച്.എസ്, ചങ്ങനാശ്ശേരി എസ്. ബി. കോളേജ് ഉൾപ്പെടെയുള്ള സ്കൂൾ, കോളേജ് വിദ്യാഭ്യാസ കാലത്തും, തന്നോടൊപ്പമുള്ള മറ്റു വിദ്യാർത്ഥികളിൽ നിന്നും, സമപ്രായക്കാരിൽ നിന്നും കുര്യാക്കോസ് ദൈവവിശ്വാസത്തോട് ഒരു പ്രത്യേക ആഭിമുഖ്യം പുലർത്തിയിരുന്നു.
അധ്യാത്മിക ജീവിതത്തിന്റെ തുടക്കം ലഭിച്ച മാതൃ ദൈവാലയമായ വെളിയനാട് സെന്റ് സ്റ്റീഫൻസ് ദൈവാലയത്തിൽ നിന്ന് തൻറെ 22-ാം വയസ്സിൽ ദൈവം നിയോഗത്താൽ വൈദിക വിദ്യാഭ്യാസത്തിനായി മഞ്ഞിനിക്കര ദയറായിൽ എത്തിയ കുര്യാക്കോസ്, സഭാവിശ്വാസം പഠിക്കുന്ന കാര്യത്തിലും, സുറിയാനി ഭാഷ പഠിക്കുന്നതിലും വളരെ തൽപരനായിരുന്നു.
അന്ത്യോഖ്യാ സിംഹാസനത്തിന്റെ പ്രതിനിധിയായിരുന്ന മോർ യൂലിയോസ് ഏലിയാസ് ബാവായും, മോശ സലാമ റമ്പാച്ചനും, മാടപ്പാട്ട് യാക്കൂബ് റമ്പാച്ചനും യുവാവായ കുര്യാക്കോസിന് വേണ്ട എല്ലാ മാർഗനിർദ്ദേശങ്ങളും നൽകി, അദ്ദേഹത്തെ ഒരു തികഞ്ഞ പട്ടക്കാരൻ ആകുന്നതിനു വേണ്ട എല്ലാ വിദ്യയും അഭ്യസിപ്പിച്ചു.
1955 ഫെബ്രുവരിയിൽ പുണ്യശ്ലോകനായ മോർ യൂലിയോസ് ഏലിയാസ് ബാവാ കെ.വി.കുര്യാക്കോസിന് ശെമ്മാശപട്ടവും, 1958 സെപ്റ്റംബർ 21-ാം തിയ്യതി കശീശ്ശാ പട്ടവും നൽകി. ബഹു: സി.എം.തോമസ് അച്ചനോടൊപ്പം ( ഇപ്പോഴത്തെ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ) ഒരേ ദിവസമാണ് ഇദ്ദേഹത്തിനും കശീശ്ശാ സ്ഥാനം ലഭിച്ചത് എന്നത് എടുത്തു പറയേണ്ട മറ്റൊരു വസ്തുതയാണ്.
മഞ്ഞിനിക്കരയിൽ ഒരു വിദ്യാർത്ഥിയായിരുന്നപ്പോഴും, ശെമ്മാശനായിരുന്നപ്പോഴും പിന്നീട് വൈദികനായതിൻ്റെ ശേഷവും മോർ യൂലിയോസ് ഏലിയാസ് ബാവായുടെ ശുശ്രൂഷകൻ എന്ന നിലയിൽ കുര്യാക്കോസ് അച്ചൻ ചുമതലകൾ നിർവ്വഹിച്ചു. എന്നാൽ വൈദികനായ കുര്യാക്കോസ് അച്ചനിൽ നിക്ഷിപ്തമായിരുന്ന പൗരോഹിത്യ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനായി അദ്ദേഹത്തെ തന്റെ ഗുരുനാഥനായ മോർ യൂലിയോസ് ഏലിയാസ് ബാവ നിയോഗിച്ചതിന്റെ അടിസ്ഥാനത്തിൽ തുമ്പമൺ, പെരുമ്പള്ളി എന്നീ സിംഹാസന പള്ളികളിലും, സെന്റ് ആന്റണീസ് അസോസിയേഷൻ മംഗലാപുരം എന്നിവിടങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.
1960ൽ ആർത്താറ്റ് കുന്നംകുളം സിംഹാസന പള്ളിയുടെ വികാരിയായി മോർ യൂലിയോസ് ബാവ ബഹു: കുര്യാക്കോസച്ചനെ നിയമിച്ചത്, ചരിത്രത്തിലേക്ക് ആ പേര് ചേർത്തുവയ്ക്കുന്നതിന്റെ ആദ്യപടിയായി തീർന്നു
1960 മുതൽ 1984 വരെ കുന്നംകുളം സിംഹാസന പള്ളി വികാരി എന്ന നിലയിൽ അദ്ദേഹം നിർവഹിച്ച സുത്യർഹമായ സേവനം കുന്നംകുളം പള്ളിയുടെയും, സിംഹാസന പള്ളികളുടെയും ചരിത്രത്തിൽ എന്നും തങ്ക ലിപികളിൽ ആലേഖനം ചെയ്യേണ്ട ഒന്നാണ്. ഇന്നു കാണുന്ന രീതിയിൽ ആർത്താറ്റ് സിംഹാസന പള്ളി പരിശുദ്ധ സുറിയാനി സഭയ്ക്ക് ലഭ്യമായതിൽ, ഏറ്റവും നിർണായകമായ പങ്കുവഹിച്ചത് കുര്യാക്കോസ് അച്ചൻ ആയിരുന്നു. ആ കാലയളവിൽ അദ്ദേഹം നേരിട്ട പീഡനങ്ങൾ വളരെ വലിയതായിരുന്നു. എന്നാൽ പരിശുദ്ധ സിംഹാസനത്തോടുള്ള ഭക്തിയും വിധേയത്വം എന്നും കാത്തുസൂക്ഷിച്ച കുര്യാക്കോസ് അച്ചൻ തൻറെ ദൗത്യത്തിൽ നിന്നും തന്നെ പിന്തിരിപ്പിക്കാൻ ഒരു ശക്തിക്കും സാധിക്കുകയില്ല എന്ന ഉറച്ച ബോധ്യത്തോടെ മുന്നോട്ട് പ്രയാണം ചെയ്തത് അദ്ദേഹത്തെ എതിർക്കുന്നവർക്ക് പോലും ആശ്ചര്യം ഉളവാക്കി. അത് ആ കാലഘട്ടത്തിലെ ഒരു ദൈവിക നിയോഗം ആയിരുന്നു. അക്കാലയളവിൽ തന്നെ വളരെ നിർണായകമായ മറ്റ് പല സഭാ കേസുകളും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.
എന്നാൽ ഇതുകൊണ്ടൊന്നും കുര്യാക്കോസ് അച്ചനിൽ ഉള്ള ദൈവിക പദ്ധതികൾ അവസാനിച്ചിരുന്നില്ല. 1984ൽ പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ ഒന്നാമൻ ഇവാസ് പാത്രിയർക്കീസ് ബാവായുടെ സെക്രട്ടറിയായി അദ്ദേഹം നിയമതിനായി. ഒരു വലിയ നിയോഗത്തിന്റെ തുടക്കമായിരുന്നു അത്.
ഇംഗ്ലീഷ്, മലയാളം, സുറിയാനി ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്ന കുര്യാക്കോസ് അച്ചൻ വളരെ വേഗത്തിൽ തന്നെ അറബിയും, ടർക്കിഷും, ജർമ്മനും ഉൾപ്പെടെയുള്ള ഭാഷകൾ സ്വയത്തമാക്കി. തൻറെ ഉത്തരവാദിത്വങ്ങളിൽ ഉള്ള കൃത്യനിഷ്ഠയും, സാമർത്ഥ്യവും ഭാഷാ നൈപുണ്യവും, അചഞ്ചലമായ പരി:സിംഹാസനത്തോടുള്ള ഭക്തിയും അദ്ദേഹത്തെ പരിശുദ്ധ ബാവയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന ഉന്നതമായതും, വളരെ ഉത്തരവാദിത്തപ്പെട്ടതുമായ സ്ഥാനത്തേക്ക് ഉയർത്തപ്പെടുവാൻ കാരണമായി തീർന്നു.
1990 ഡിസംബർ 22-ാം തിയ്യതി പരിശുദ്ധ പാത്രിയർക്കീസ് ബാവാ ബഹു: കുരിയാക്കോസ് അച്ചനെ ദമ്സ്കോസിലെ സെന്റ് ജോർജ്ജ് കത്തീഡ്രലിൽ വെച്ച് റമ്പാൻ സ്ഥാനവും, തുടർന്ന് 1998 സെപ്റ്റംബർ 27-ാം തിയ്യതി ദമ്സ്കോസിലെ മാറത്ത് സൈയ്ദ്നായ സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് കത്തീഡ്രലിൽ വെച്ച് മോർ യൂലിയോസ് എന്ന പേരിൽ മെത്രാൻ സ്ഥാനവും നൽകി.
1984 മുതൽ തൻറെ അന്ത്യനാൾ വരെ അഭി: യൂലിയോസ് തിരുമേനി പരിശുദ്ധ പാത്രിയർക്കീസ് ബാവായോടൊപ്പം ഉണ്ടായിരുന്ന കാലയളവിൽ അവർ ഇരുവരുടെയും വ്യക്തി ബന്ധം വളരെ സുദൃഢമായിരുന്നു. പരിശുദ്ധ ബാവായെ സംബന്ധിച്ചിടത്തോളം തൻറെ ഏറ്റവും വിശ്വസ്തനായ സന്തതസഹചാരി ആയിരുന്നു സൈയ്ദിനാ കുര്യാക്കോസ്. (ശീമക്കാർ അപ്രകാരമായിരുന്നു അദ്ദേഹത്തെ സംബോധന ചെയ്തിരുന്നത്)
ബാവയോടൊപ്പം സെക്രട്ടറി എന്ന നിലയിൽ വിവിധ രാജ്യങ്ങൾ സന്ദർശിക്കുകയും, പരിശുദ്ധ ബാവായുടെയും, സിംഹാസനത്തിന്റെയും പ്രതിനിധിയായി പല നയതന്ത്ര ചർച്ചകളിൽ ഈ കാലയളവിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. പരിശുദ്ധ പാത്രിയർക്കീസ് ബാവയോടുള്ള അദ്ദേഹത്തിൻറെ ഭക്തിയും സ്നേഹവും എടുത്തു പറയേണ്ടതാണ്, ബാവായുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച് നാട്ടിലെത്തിയ തിരുമേനി, ഫോണിലൂടെ ബാവയോട് സംസാരിക്കുമ്പോൾ പോലും സംഭാഷണം ആരംഭിക്കുമ്പോൾ ആദ്യം ബാറെക്മോർ പറഞ്ഞ് ഇരിക്കുന്ന കസേരയിൽ നിന്ന് ഒരു നിമിഷമെങ്കിലും എഴുന്നേറ്റു നിൽക്കുന്ന കാഴ്ച പലതവണ കാണുവാൻ സാധിച്ചിട്ടുണ്ട്. അത്രമാത്രം ഉണ്ടായിരുന്നു ആ പിതാവിന് പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടും ആ സിംഹാസനത്തിന്റെ അധിപതിയോടുമുള്ള ബഹുമാനവും വിധേയത്വം.
മഞ്ഞിനിക്കരയിൽ ഒരു ശെമ്മാശൻ ആയിരുന്ന കാലം മുതൽ,സുറിയാനി ഭാഷയിൽ നല്ല പരിജ്ഞാനമുള്ള തിരുമേനീ ചില പുസ്തകങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. ഇന്ന് മലങ്കരയിൽ ഉപയോഗിച്ചുവരുന്ന ഹൂദായ കാനോൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് അദ്ദേഹം ആയിരുന്നു എന്നാൽ അന്ന് നിലനിന്നിരുന്ന കോടതി വ്യവഹാരങ്ങൾ കാരണം, അദ്ദേഹത്തിൻ്റെ പേരിൽ പ്രസിദ്ധീകരിക്കുവാൻ ചില തടസ്സങ്ങൾ ഉണ്ടായിരുന്നതിനാൽ, ഈ തർജ്ജിമയിൽ തനിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും, തർജിമ ഒത്തു നോക്കുകയും ചെയ്ത തന്റെ ഗുരുവായ അഭി മോർ യാക്കൂബ് യൂലിയോസ് മെത്രാപ്പോലീത്തായുടെ പേരിൽ ആ പുസ്തകം പ്രസിദ്ധീകരിക്കുകയാണ് ഉണ്ടായത്. ഇത് കൂടാതെ ഇന്ന് കൽദായ സുറിയാനി സഭ ഉപയോഗിക്കുന്ന പല ആരാധനക്രമങ്ങളും മലയാളത്തിലേക്ക് തർജ്ജിമ ചെയ്തതും അഭി; തിരുമേനി ആയിരുന്നു. വിവിധ ഭാഷകളിലുള്ള പ്രാവീണ്യം അനേകം വിദേശികളെ അദ്ദേഹത്തിന് സുഹൃത്തുക്കളായി ലഭിക്കുവാൻ കാരണമായി. ശീമക്കാരായ ആളുകൾക്കിടയിൽ വളരെ സുപരിചിതനായിരുന്നു അഭി: തിരുമേനി. പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിലുള്ള അദ്ദേഹത്തിൻറെ പ്രവർത്തനം ഈ വലിയ സൗഹൃദ വലയം സൃഷ്ടിക്കുന്നതിൽ ഒരു വലിയ പങ്കു വഹിച്ചു.
പ്രാർത്ഥനയും, ആരാധനയിലുള്ള അച്ചടക്കവും, ശുശ്രൂഷാക്രമങ്ങളും, മോർ യൂലിയോസ് ഏലിയാസ് ബാവായിൽ നിന്ന് പഠിച്ചിട്ടുള്ളതായ സുറിയാനി പാരമ്പര്യങ്ങളും നിഷ്ഠയോടെ പാലിക്കുന്ന കാര്യത്തിൽ തന്റെ അന്ത്യനാൾവരെ യൂലിയോസ് തിരുമേനി കൃത്യത പാലിച്ചിരുന്നു. മലങ്കരയിലും, ശീമായിലും, കൽദായ സുറിയാനി സഭയിലും ഉൾപ്പെടെ താൻ പഠിപ്പിച്ച വിദ്യാർത്ഥികളെയും, തന്നോടൊപ്പം ശുശ്രൂഷ ചെയ്തിരുന്ന വൈദികരെയും ശെമ്മാശൻമാരെയും ഒക്കെ ആ കാര്യങ്ങൾ അഭ്യസിപ്പിക്കുന്നതിലും തിരുമേനി വളരെ ശ്രദ്ധ പുലർത്തിയിരുന്നു.
2004ൽ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച അദ്ദേഹം, ഇന്ത്യയിലെ സിംഹാസന പള്ളികളുടെയും സ്ഥാപനങ്ങളുടെയും മെത്രാപ്പോലീത്തയായി ചുമതല ഏറ്റു. മോർ ബെന്യാമിൻ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ അകാല വേർപാടിൽ ഉലഞ്ഞ സിംഹാസന പള്ളികളുടെ ഉത്തരവാദിത്വത്തിലേക്ക് അഭിവന്ദ്യ യൂലിയോസ് തിരുമേനി കടന്നുവന്നത് മറ്റൊരു ദൈവീക നിയോഗമായിരുന്നു. പെരുമ്പിള്ളി സിംഹാസന പള്ളി, പിറമാടം ദയറാ, കുന്നംകുളം സിംഹാസന പള്ളി, മഞ്ഞനിക്കര ദയറാ എന്നിവിടങ്ങളിലായി താമസിച്ച്, അദ്ദേഹം സിംഹാസന പള്ളികളുടെ ഭരണം നടത്തി.
പാർക്കിൻസൺസും, ഹൃദരോഗവും കാര്യമായ അലട്ടിയിരുന്ന തിരുമേനി തൻറെ അനാരോഗ്യത്തിലും, നോമ്പും, പ്രാർത്ഥനയും ആരാധനയും കൃത്യമായി നിർവഹിച്ചിരുന്നു. യാത്രാവേളകളിൽ പോലും യാമ പ്രാർത്ഥനകൾ മുടക്കാതെ വാഹനത്തിൽ ഇരുന്നു തന്നെ നടത്തിയിരുന്ന തിരുമേനി, പുതുതലമുറയ്ക്ക് പ്രാർത്ഥനാ ജീവിതത്തിന്റെ വലിയൊരു മാതൃകയായിരുന്നു.
ഇൻഡോ-അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഹ്യൂമാനിസ്റ്റിക് സ്റ്റഡീസ് ഫ്ലോറിഡ, യു എസ് എ. "ഡോക്ടർ ഓഫ് ഡിവിനിറ്റി & സേക്രഡ് ഫിലോസഫി" എന്ന ഹോണററി ബിരുദവും, ദിയോന്ദ്ര യൂണിവേഴ്സിറ്റി, ഇറ്റലി,
"ഡോക്ടർ ഓഫ് തിയോളജി" എന്ന ബിരുദവും നൽകി തിരുമേനിയെ ആദരിച്ചിട്ടുണ്ട്.
അഭി: മോർ യൂലിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത 2010 ജനുവരിയിൽ തന്റെ എല്ലാ ഭരണപരമായ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞു. 2011 ഏപ്രിൽ എട്ടാം തീയതി മഞ്ഞനിക്കരയിൽ എത്തി ഒമ്പതാം തീയതി, തനിക്ക് ഏറ്റവും പ്രിയപ്പെട്ട മഞ്ഞനിക്കരയുടെ മണ്ണിൽവെച്ച് ദൈവസന്നിധിയിൽ ചേർക്കപ്പെടുകയും ചെയ്തു. തൻ്റെ അന്ത്യാഭിലാഷം പോലെ സ്വന്തം ഗുരുനാഥനായ മോർ യൂലിയോസ് ഏലിയാസ് ബാവയുടെ കബറിടത്തിന് തൊട്ടു താഴെ അഭി: യൂലിയോസ് കുര്യാക്കോസ് തിരുമേനിയുടെ കബർ പണിയപ്പെട്ടു. തുടർന്നുവന്ന ദിവസം മലങ്കരയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെയും, അന്ത്യോഖ്യ സിംഹാസനത്തിന്റെ പ്രതിനിധി അന്നത്തെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തായും ഇപ്പോഴത്തെ പരിശുദ്ധ പാത്രിയർക്കീസുമായ മോർ കൂറിലോസ് അഫ്രേം കരീം ബാവയുടെയും, തൻറെ പിൻഗാമിയും സിംഹാസന പള്ളികളുടെയും മഞ്ഞിനിക്കര ദയറായുടെ അധിപനുമായ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തയുടെയും,കാർമികത്വത്തിലും പരിശുദ്ധ എപ്പിസ്കോപ്പൽ സുനഹദോസിലെ എല്ലാ പിതാക്കന്മാരുടെയും സാന്നിധ്യത്തിലും അഭിവന്ദ്യ തിരുമേനിയുടെ കബറടക്ക ശുശ്രൂഷ നടത്തപ്പെടുകയും ചെയ്തു.
ഒരു വിശ്വാസി എന്ന നിലയിൽ തികഞ്ഞ ദൈവഭക്തൻ, ഒരു മെത്രാപ്പോലീത്ത എന്ന നിലയിൽ മികവുറ്റ ഇടയൻ, പരി: ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ സമർത്ഥനായ നയതന്ത്രജ്ഞൻ, ഭാഷാ പണ്ഡിതൻ, ഓർത്തഡോക്സ് വേദശാസ്ത്രത്തിൽ ആധികാരിക വ്യക്തിത്വം, സഭാ-കൗദാശിക കാര്യങ്ങളിൽ അണുവിടാ വ്യതിചലിക്കാത്ത പ്രാർത്ഥനാ വീരൻ. അങ്ങനെ അനേകം വിശേഷണങ്ങൾക്ക് യോഗ്യനായ തിരുമേനി, തന്നെ ഏൽപ്പിച്ച എല്ലാ ദൗത്യങ്ങളും സത്യസന്ധതയോടെയും, വിശ്വസ്തതയോടെയും നിറവേറ്റുവാൻ എന്നും പ്രയത്നിച്ചിരുന്നു.
മലയാളികളുടെ ഇടയിലും, സുറിയാനിക്കാരുടെ ഇടയിലും ഒരുപോലെ സുപരിചിതനും, എല്ലാവർക്കും പ്രിയങ്കരനുമായിരുന്ന മോർ യൂലിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ഇന്നും നമ്മുടെ മുമ്പിൽ ജീവിക്കുന്ന മാതൃകയാണ്.
അഭി: തിരുമേനിയുടെ ജീവിതത്തിൻറെ ഓരോ നാൾവഴികളും ദൈവീക നിയോഗമായിരുന്നു. മഞ്ഞിനിക്കരയിൽ നിന്ന് ആരംഭിച്ച മഞ്ഞിനിക്കരയിൽ അവസാനിച്ച നിയോഗം. നല്ല പോർ പോരുതി, ഓട്ടം തികച്ച്, വിശ്വാസം കാത്ത പിതാവ് നീതിയിൻ കിരീടം പ്രാപിക്കുന്നതിനായി നമുക്കും പ്രാർത്ഥിക്കാം.
പുണ്യശ്ലോകനായ മോർ യൂലിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായുടെ പ്രാർത്ഥന നമുക്ക് കോട്ടയായിരിക്കട്ടെ.
Comments
Post a Comment