Parents
ഞാൻ ഉൾപ്പെടെയുള്ള ഇന്ത്യക്കാരായ വലിയ ഒരു ശതമാനം മാതാപിതാക്കളും കാലഘട്ടത്തിനനുസരിച്ച് കുറച്ചുകൂടെ അഡ്വാൻസ് ചെയ്യപ്പെടേണ്ടിയിരിക്കുന്നു എന്ന് തോന്നിപ്പിച്ച നിമിഷം.
ഞാൻ ഫാ തോമസ് പൂതിയോട്ട്, ഈ ചിത്രം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ജപ്പാൻ എയർപോർട്ടിൽ വെച്ച് ഞാൻ പകർത്തിയതാണ്. ജപ്പാനിൽ നിന്ന് അമേരിക്കയിലെ സാൻഡ് ഫ്രാൻസിസ്കോ യാത്രയിൽ ഈ കുട്ടികൾ ഞാൻ സഞ്ചരിച്ച അതേ വിമാനത്തിൽ ഉണ്ടായിരുന്നു.
എയർപോർട്ട് മുതൽ ഈ കുട്ടികളെ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, 7 കുട്ടികൾ, അവരുടെ കൂടെ മാതാപിതാക്കൾ ഇല്ല, അധ്യാപകർ ഇല്ല മുതിർന്ന വ്യക്തികൾ ആരും തന്നെയില്ല. എയർഹോസ്റ്റസ് മാരാണ് ഈ കുട്ടികളെ കൊണ്ടുപോകുന്നത്. ആ കാഴ്ച എനിക്ക് വളരെ കൗതുകമായിരുന്നു.
വിമാനത്തിനുള്ളിൽ വച്ച് ഒരു എയർഹോസ്റ്റസിനോട് ഞാൻ കാര്യം അന്വേഷിച്ചപ്പോൾ അമേരിക്കയിൽ നടക്കുന്ന എന്തോ ഒരു പ്രോഗ്രാമിൽ പങ്കെടുക്കാൻ പോകുന്നതാണ് ഈ 7 കുട്ടികൾ. അഞ്ചോ-ആറോ വയസ്സ് മാത്രം പ്രായം വരുന്ന ഈ കുട്ടികൾ തങ്ങളുടെ മാതാപിതാക്കളില്ലാതെ, പരിചയക്കാരായ വ്യക്തികൾ ആരും തന്നെ ഇല്ലാതെ യാത്ര ചെയ്യുന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി.
ഈ കുട്ടികളുടെ ആ ഒരു ധൈര്യം, അവരുടെ മാതാപിതാക്കളുടെ ഈ വിഷയങ്ങളോടുള്ള മനോഭാവം, അവരുടെ രാജ്യം ഇത്തരം വിഷയങ്ങളോട് പുലർത്തുന്ന സമീപനം, അവരുടെ വിദ്യാഭ്യാസ രീതി, ചെറുപ്പം മുതലേ കുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്ന അവരുടെ സ്വഭാവ രൂപീകരണ പ്രയത്നങ്ങൾ ഇതൊക്കെ എനിക്ക് വളരെ ആശ്ചര്യമായി തോന്നി.
വർഷങ്ങൾക്കു മുമ്പ് ഗാന്ധിജി എഴുതിവെച്ച സ്വയം പര്യാപ്തത ഇന്നും അക്ഷരത്താളുകളിൽ ഒതുങ്ങുകയും, 25ും 28ും വയസ്സ് പ്രായമുള്ള യുവതി യുവാക്കൾ പോലും മാതാപിതാക്കളെ ആശ്രയിച്ചു കഴിയുന്ന സാമൂഹ്യ വ്യവസ്ഥിതിയിൽ ജീവിക്കുന്ന എനിക്ക് ഇത് കണ്ണുതുറപ്പിക്കുന്ന കാഴ്ചയായിരുന്നു.
എനിക്കറിയാവുന്ന പല കുടുംബങ്ങളിലും സുഹൃത്തുക്കളുടെ ഇടയിലും പത്തും പതിനഞ്ചും വയസ്സ് പ്രായമുള്ള തങ്ങളുടെ കുട്ടികളെ സ്വന്തമായി ഒരു കടയിൽ വിട്ട് സാധനങ്ങൾ മേടിപ്പിക്കാനോ, എന്തിന് തനിയെ റോഡ് ക്രോസ് ചെയ്യാൻ പോലും പരിശീലിപ്പിക്കാത്ത വ്യവസ്ഥിതിയോട് ശക്തമായി അമർഷം തോന്നിയ നിമിഷം.
തൊണ്ണൂറുകളിലെ കുട്ടികളും, രണ്ടായിരത്തിലെ കൗമാരക്കാരുമായ എന്നെപ്പോലെയുള്ള പലരുടെയും ഹീറോ ആയ് സന്തോഷ് ജോർജ് കുളങ്ങര Santhosh George Kulangara വർഷങ്ങൾക്കു മുമ്പ് സഞ്ചാരത്തിലൂടെ പറഞ്ഞ പല കാഴ്ചകളും ഇപ്പോഴത്തെ ലോക യാത്രയിൽ നേരിൽ കാണുമ്പോൾ, നമ്മൾ എത്രമാത്രം പിന്നിലാണ് എന്നുള്ള തിരിച്ചറിവ് ഉള്ളിൽ ശക്തിപ്പെട്ടു വരുന്നു.
നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ, കുട്ടികളെ ചെറുപ്പം മുതൽ വാർത്ത എടുക്കുന്ന കാര്യങ്ങളിൽ ഒക്കെ ഒത്തിരി നാം മാറേണ്ടിയിരിക്കുന്നു. കുട്ടികളെ സമ്പന്നതയുടെയും, സുരക്ഷിതത്തിൻ്റെയും വലയത്തിനപ്പുറത്ത് പ്രതിസന്ധികളുടെ ജീവിതത്തെ തരണം ചെയ്യുവാൻ പഠിപ്പിക്കണം. അഹങ്കാരവും, ധൂർത്തും, ഞാൻ, എന്റേത്, എനിക്ക് എന്ന ചിന്തകൾക്ക് അപ്പുറത്ത്, ലാളിത്യവും, മിതത്വവും, നമ്മുടേത്, നമുക്ക് എന്ന ചിന്ത അവരിൽ വാർത്തെടുക്കാൻ ഓരോ രക്ഷകർത്താക്കൾക്കും സാധിക്കണം.
സാധിക്കുന്ന അത്രയും കാര്യം കുഞ്ഞുങ്ങളെ കൊണ്ട് തന്നെ ചെയ്യിപ്പിക്കാൻ പരിശീലിപ്പിക്കണം, നൽകേണ്ടത് കൃത്യ സമയത്ത് നൽകുകയും, നോ "No" പറയേണ്ട സന്ദർഭങ്ങളിൽ മടികാണിക്കാതെ നോ "No" പറയുകയും ചെയ്യാൻ നമ്മുടെ മാതാപിതാക്കൾ മറന്നുപോകരുത്.
പലപ്പോഴും ജീവിതത്തിൽ നോ "No" കേൾക്കാതെ വളർന്നുവരുന്ന മക്കൾ, ഇന്നത്തെ ഈ കോർപ്പറേറ്റ് ലോകത്തിൽ, കൂടെയുള്ളവരെ നോക്കാതെ മുന്നോട്ട് ഓടുന്ന ഈ സാമൂഹ്യ വ്യവസ്ഥിതിയിൽ ചില ജീവിത സാഹചര്യത്തിൽ "നോ No"കേട്ട് പതറി നിൽക്കുന്ന കാഴ്ചകൾ ഇന്ന് സമൂഹത്തിൽ നിത്യ കാഴ്ചയാണ്.
അങ്ങനെയുള്ളവർക്ക് ആ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള മാനസിക ശക്തിയില്ല. അവർ പെട്ടെന്ന് തളർന്നുപോകുന്നു, ഡിപ്രഷനിലോട്ട് പോകുന്നു, അത് ചിലപ്പോഴെങ്കിലും ആത്മഹത്യയിൽ ചെന്ന് നിൽക്കുന്നു.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പഠനം പറയുന്നത് ലോകത്തിൽ വലിയ ഒരു സംഖ്യ ജനങ്ങൾ ഡിപ്രഷനിലൂടെയാണ് തങ്ങളുടെ ജീവിതം കഴിച്ചുകൂട്ടുന്നത് എന്നാണ്.
ഈ ഡിപ്രഷന്റെയും ആത്മഹത്യയുടെയും പിടിയിൽ നമ്മുടെ മക്കൾ പെടാതിരിക്കട്ടെ. ജീവിതത്തിൻറെ എല്ലാ സാഹചര്യത്തെയും അഭ്യമുഖീകരിച്ച അവർ വളരട്ടെ. ആവശ്യമുള്ളത് മാത്രം കൊടുക്കുകയും അല്ലാത്ത കാര്യങ്ങൾ നിയന്ത്രിക്കുകയും ചെയ്യുവാനുള്ള ആർജ്ജവം മാതാപിതാക്കൾക്ക് ഉണ്ടാകട്ടെ. അതോടൊപ്പം, പഠനം, ഒന്നാമത് എത്തുക മുതലായ കാര്യങ്ങൾക്ക് മാത്രം മക്കളെ പഠിപ്പിക്കാതെ, മൂല്യാധിഷ്ഠിതമായ ഒരു പുതുതലമുറയെ വാർത്തെടുക്കുവാൻ നമുക്ക് ഓരോ മാതാപിതാക്കൾക്കും ആത്മാർത്ഥമായി ശ്രമിക്കാം.
മലയാളത്തിന്റെയും കേരളത്തിന്റെയും തനിമ നിലനിർത്തി അതോടൊപ്പം തന്നെ ഈ കാലഘട്ടത്തിനനുസൃതമായി സ്വയം പര്യാപ്തമായി ജീവിക്കുവാനുള്ള മാർഗനിർദേശങ്ങൾ നമ്മുടെ മക്കൾക്ക് നൽകി നീതിബോധമുള്ള, കാര്യപ്രാപ്തിയുള്ള, സാമൂഹ്യ ബോധമുള്ള , പ്രതിസന്ധികളെ നേരായ മാർഗ്ഗത്തിൽ അതിജീവിക്കാൻ പ്രാപ്തരായ ഒരു പുതിയ തലമുറയെ നമുക്ക് വാർത്തെടുക്കാം.
Comments
Post a Comment