അന്ത്യോക്യൻ സുറിയാനി ഓർത്തഡോക്സ് സഭയുടെ അപ്പോസ്തോലിക പിന്തുടർച്ചയും: മോർ യാക്കോബ് ബൂർദോനോയിലൂടെയുള്ള സഭാ പുനരുദ്ധാരണവും.


അന്ത്യോക്യൻ സുറിയാനി ഓർത്തഡോക്സ് സഭയുടെ അപ്പോസ്തോലിക പിന്തുടർച്ചയും: മോർ യാക്കോബ് ബൂർദോനോയിലൂടെയുള്ള സഭാ പുനരുദ്ധാരണവും.


സഭാ ചരിത്രപ്രകാരം വിശുദ്ധ പത്രോസ് ശ്ലീഹാ ക്രിസ്തുവർഷം 37-ഓടെ അന്ത്യോക്യയിൽ സ്ഥാപിച്ച അപ്പോസ്തോലിക സിംഹാസനമാണ് അന്ത്യോക്യൻ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആത്മീയ ആധികാരികതയുടെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്നത്.


 

“ശിഷ്യന്മാർക്ക് ആദ്യമായി ക്രിസ്ത്യാനികൾ എന്ന് പേരുണ്ടായത് അന്ത്യോക്യയിൽ വെച്ചാണ്” എന്ന അപ്പൊ: 11:26-ലെ സാക്ഷ്യം അന്ത്യോക്യയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. ഈ സിംഹാസനത്തിലൂടെ തലമുറകളായി പൗരോഹിത്യ കൈവെപ്പും വിശ്വാസപാരമ്പര്യവും കൈമാറപ്പെട്ടുവെന്നാണ് സഭയുടെ നിലപാട്.

അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിലും ആറാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കൽക്കിദോൻ സുന്നഹദോസിനെ തുടർന്നുണ്ടായ ദൈവശാസ്ത്രപരമായ തർക്കങ്ങൾ സഭയെ ഗുരുതര പ്രതിസന്ധിയിലാക്കി. ഈ കാലഘട്ടത്തിലാണ് മോർ സേവേറിയോസ് അന്ത്യോക്യൻ പാത്രിയർക്കീസായി സഭയുടെ നേതൃത്വം ഏറ്റെടുത്തത്. ക്രിസ്തുവിന്റെ ദൈവത്വവും മനുഷ്യത്വവും ഒന്ന് ഒന്നിൽ നിന്ന് വേർപിരിയാതെയും, കലർന്നുപോകാതെയും നിലനിൽക്കുന്നു (Mystically United) എന്ന മിയാഫിസൈറ്റ് വിശ്വാസം അദ്ദേഹം ശക്തമായി സംരക്ഷിച്ചു. ദൈവമാതാവായ മറിയത്തെ “ദൈവപ്രസവിത്രി” (Theotokos) എന്ന് വിശേഷിപ്പിച്ചതിലൂടെ ക്രിസ്തുവിന്റെ പൂർണ്ണ ദൈവത്വത്തെ അദ്ദേഹം ഊന്നിപ്പറഞ്ഞു.



ക്രിസ്തുവർഷം 518-ൽ ബൈസന്റൈൻ ചക്രവർത്തി ജസ്റ്റിൻ ഒന്നാമൻ അധികാരമേറ്റതോടെ കൽക്കിദോൻ അനുകൂല നയം കൂടുതൽ ശക്തമായി. മോർ സേവേറിയോസിനും അദ്ദേഹത്തെ പിന്തുടർന്ന വിശ്വാസികൾക്കും എതിരായി ഭരണകൂടം കടുത്ത നടപടികൾ സ്വീകരിച്ചു. സഭാപാരമ്പര്യവും ചരിത്രസ്രോതസ്സുകളും സൂചിപ്പിക്കുന്നതുപോലെ, വിശ്വാസവും പൗരോഹിത്യ പിന്തുടർച്ചയും സംരക്ഷിക്കുന്നതിനായി മോർ സേവേറിയോസിന് ഈജിപ്തിലേക്ക് പലായനം ചെയ്യേണ്ടി വന്നു. ഈ ഘട്ടത്തിൽ ചക്രവർത്തി കൽക്കിദോൻ അനുകൂലനായ ബിഷപ്പ് പോളിനെ ബലമായി അന്ത്യോക്യൻ സിംഹാസനത്തിൽ പ്രതിഷ്ഠിക്കാൻ ശ്രമിച്ചെങ്കിലും സത്യവിശ്വാസികളായ ദൈവജനം ഈ ഭരണകൂട ഇടപെടലിനെ ആത്മീയ ധീരതയോടെ പ്രതിരോധിച്ചു (Ref: Mor Michael Rabo, Chronicle).

 ബൈസന്റൈൻ സൈന്യത്തിന്റെ കാവലിൽ വന്ന ഭരണകൂട പിന്തുണയുള്ള പാത്രിയർക്കീസിനെ അംഗീകരിക്കാതെ ഞങ്ങളുടെ പാത്രിയർക്കീസ് മോർ സേവേറിയോസ് മാത്രമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് വിശ്വാസികൾ പീഡനങ്ങളെ നേരിട്ടു.

അനേകം സുറിയാനി ഓർത്തഡോക്സ് മെത്രാന്മാരെയും വൈദികരെയും ഭരണകൂടം നിർദയം കൊല ചെയ്യുകയും പലരെയും തടവിലാക്കുകയും കുറേ ആളുകളെ തങ്ങളുടെ വശത്തേക്ക് പല പ്രലോഭനങ്ങളാൽ ചേർക്കുകയും ചെയ്തു. 

ഈ കടുത്ത പ്രതിസന്ധിക്കാലത്ത് ബൈസന്റൈൻ രാജ്ഞിയായ തിയോഡോറ സഭയുടെ നിലനിൽപ്പിനായി നിർണ്ണായക പിന്തുണ നൽകിയതായി നിരവധി ചരിത്രഗ്രന്ഥങ്ങൾ രേഖപ്പെടുത്തുന്നു (Dr. Volker Menze, Justinian and the Making of the Syrian Orthodox Church).


കോൺസ്റ്റാന്റിനോപ്പിളിലെ ഹോർമിസ്ദാസ് കൊട്ടാരത്തിൽ അഞ്ഞൂറിലധികം സുറിയാനി സന്യാസിമാർക്കും 536-ൽ സ്ഥാനം നഷ്ടപ്പെട്ട് രാജ്ഞിയുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന കോൺസ്റ്റാന്റിനോപ്പിളിലെ മുൻ പാത്രിയർക്കീസ് മോർ അന്തിമോസ് അടക്കമുള്ള ഉന്നത പിതാക്കന്മാർക്കും അവർ അഭയം നൽകി. മോർ സേവേറിയോസിന്റെ കാലത്തിനു ശേഷം സഭയുടെ അപ്പോസ്തോലിക പൗരോഹിത്യ പിന്തുടർച്ച അവസാനിച്ചുവെന്ന് ശത്രുക്കൾ കരുതിയെങ്കിലും അക്കാലത്ത് ഈ ആത്മീയ ശൃംഖല തുടരാൻ സുറിയാനി ഓർത്തഡോക്സ് സഭയുടെ അവശേഷിച്ച മെത്രാന്മാരായ ലാവോഡിഷ്യയിലെ മോർ കോൺസ്റ്റന്റൈൻ, അപാമിയയിലെ മോർ പത്രോസ്, മോർ ഖാരിസ് എന്നിവർ നിർണ്ണായക പങ്കുവഹിച്ചു (John of Ephesus, Lives of Eastern Saints). ഇതിൽ ലാവോഡിഷ്യയിലെ മോർ കോൺസ്റ്റന്റൈൻ അന്ത്യോക്യൻ സഭയുടെ അധികാരപരിധിയിലുള്ള ഏറ്റവും മുതിർന്ന മെത്രാനായിരുന്നു. സഭയുടെ അസ്തിത്വം നിലനിർത്താൻ ഇവർ അതീവ രഹസ്യമായി പ്രവർത്തിച്ചു.


ക്രിസ്തുവർഷം 543-ൽ ഗസ്സാനിദ് രാജാവായ അൽ ഹാരിത്തിന്റെ പ്രത്യേക അഭ്യർത്ഥനയും തിയോഡോറ രാജ്ഞിയുടെ പിന്തുണയും അടിസ്ഥാനമാക്കി മോർ യാക്കോബ് ബൂർദോനോയുടെ ചരിത്രപ്രസിദ്ധമായ മെത്രാഭിഷേകം നടന്നു (Dr. Saint-Laurent, Sacred Hierarchies). അലക്സാണ്ട്രിയയുടെ പാത്രിയർക്കീസ് മോർ തിയോഡോഷ്യസ് മുഖ്യ കാർമ്മികത്വം വഹിച്ച് മോർ യാക്കൂബിനെ മെത്രാനായി അഭിഷേകം ചെയ്തു. മോർ മീഖായേൽ റാബോയുടെ ക്രോണിക്കിളിൽ വ്യക്തമാക്കുന്നതുപോലെ, അന്ത്യോക്യൻ കാനോനിക പാരമ്പര്യപ്രകാരം അന്ത്യോക്യയുടെ നേരിട്ടുള്ള അധികാരപരിധിയിലുള്ള ലാവോഡിഷ്യയിലെ മോർ കോൺസ്റ്റന്റൈനും അപാമിയയിലെ മോർ പത്രോസും ഈ സ്ഥാനാരോഹണ ശുശ്രൂഷയിൽ പങ്കുചേരുകയും കൈവയ്പ്പ് ശുശ്രൂഷയിൽ പങ്കുചേരുകയും ചെയ്തിരുന്നു (Mor Michael Rabo, Chronicle). ഈ മെത്രാന്മാരുടെ സാന്നിധ്യവും കൈവെപ്പും വഴി വിശുദ്ധ പത്രോസ് ശ്ലീഹായിൽ നിന്ന് കൈമാറിവന്ന അന്ത്യോക്യൻ അപ്പോസ്തോലിക പൗരോഹിത്യ പിന്തുടർച്ച തന്നെയാണ് മോർ യാക്കോബിലേക്ക് കാനോനികമായി പകർന്നുനൽകപ്പെട്ടത്. 

 അലക്സാണ്ട്രിയ പാത്രിയർക്കീസും, മുൻ കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസ് മോർ അന്തിമോസും, സുറിയാനി പിതാക്കന്മാരും ഒരേ മിയാഫിസൈറ്റ് വിശ്വാസം പുലർത്തിയവരാകയാൽ, മോർ യാക്കൂബ് സാർവത്രിക സഭയുടെ മെത്രാപ്പോലീത്തയായി തന്നെ പരിഗണിക്കപ്പെടുന്നു. ഒരേ വേദശാസ്ത്രവും വിശ്വാസവും പിന്തുടരുന്ന സഭകൾ എന്ന നിലയിൽ ഒരുമിച്ച് ചേർന്ന് ശുശ്രൂഷകൾ നടത്തുമ്പോൾ പാത്രിയർക്കീസിന്റെ സ്ഥാനത്ത് ഉണ്ടായിരുന്ന അലക്സാണ്ട്രിയ പാത്രിയർക്കീസ് അതിന് പ്രധാന കാർമികത്വം വഹിച്ചു എന്നതുകൊണ്ട് അത് അലക്സാണ്ട്രിയൻ കൈവെപ്പോ പിന്തുടർച്ചയോ ആയി മാറുന്നില്ല.

മെത്രാഭിഷേകത്തിന് ശേഷം സഭയുടെ വിശാലമായ പുനസ്സംഘടനാ ദൗത്യത്തോടെ നിയോഗിക്കപ്പെട്ട മോർ യാക്കോബ് ഒരു യാചകന്റെ വേഷത്തിൽ സഞ്ചരിച്ചതിനാൽ ബൂർദോനോ അഥവാ ചാക്ക് ധരിച്ചവൻ എന്ന വിളിപ്പേരിൽ അറിയപ്പെട്ടു (John of Ephesus, Lives of Eastern Saints). സാമ്രാജ്യത്വ ശക്തികളുടെ കണ്ണിൽപ്പെടാതെ സിറിയ, മെസൊപ്പൊട്ടേമിയ, അർമേനിയ, ഈജിപ്ത് എന്നിവിടങ്ങളിൽ നടത്തിയ ആ മഹായാത്രകൾ സഭയുടെ പുനരുജ്ജീവനത്തിന് പൂർണ്ണമായി വഴിയൊരുക്കി. തന്റെ ജീവിതകാലത്തിനിടയിൽ രണ്ട് പാത്രിയർക്കീസുമാരെയും ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്ന 27 മെത്രാന്മാരെയും അനേകം വൈദികരെയും ശെമ്മാശന്മാരെയും അദ്ദേഹം വാഴിക്കുകയുണ്ടായി (Mor Gregorios Bar Ebroyo, Ecclesiastical History).

സഭാചരിത്രത്തിലെ പിൽക്കാല ഹാഗിയോഗ്രാഫിക്കൽ (Hagiographical) വിവരണങ്ങൾ മോർ യാക്കോബിന്റെ വ്യക്തിപരമായ പങ്കിന് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെങ്കിലും, അക്കാലത്തെ സന്യാസ ശൃംഖലകളും രാജ്ഞിയുടെ രാഷ്ട്രീയ പിൻബലവും സമന്വയിപ്പിച്ച് പത്രോസ് ശ്ലീഹാ സ്ഥാപിച്ച അന്ത്യോക്യൻ പൗരോഹിത്യ പിന്തുടർച്ചയെ മുറിയാതെ എത്തിക്കുകയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തിന്റെ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങൾ മൂലമാണ് ഈ പരിശുദ്ധ സഭ ഇന്ന് സുറിയാനി ഓർത്തഡോക്സ് സഭ എന്ന് ആഗോളതലത്തിൽ അറിയപ്പെടുന്നതും നിലനിൽക്കുന്നത്. ദൈവിക നിയോഗത്താൽ തെരഞ്ഞെടുക്കപ്പെട്ടവൻ ആയിരുന്നു മോർ യാക്കൂബ് ബൂർദോനോ.

മോർ യാക്കോബ് ബൂർദോനോ സുദൃഢമാക്കിയ ഈ ആത്മീയ പാരമ്പര്യം പിൽക്കാല നൂറ്റാണ്ടുകളിൽ കടന്നുപോയത് സമാനതകളില്ലാത്ത ക്രൂശിന്റെയും കനലിന്റെയും വഴികളിലൂടെയായിരുന്നു. ബൈസന്റൈൻ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്ക് പിന്നാലെ ഏഴാം നൂറ്റാണ്ടോടെ ഈ മേഖലകളിൽ ഇസ്‌ലാമിക ഭരണം സ്ഥാപിതമായി.


മധ്യകാലഘട്ടത്തിലെ അബ്ബാസിദ് കാലഘട്ടത്തിലും പിൽക്കാലത്തുണ്ടായ കുരിശുയുദ്ധങ്ങളിലും സഭ വലിയ പീഡനങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഇരയാകേണ്ടി വന്നിട്ടുണ്ട് (Mor Michael Rabo, Chronicle). അബ്ബാസിദ് ഭരണകാലത്ത് ചില ഘട്ടങ്ങളിൽ ക്രൈസ്തവർക്ക് മേൽ കടുത്ത നികുതികളും മതപരമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തപ്പെട്ടിരുന്നു (Patriarch Ignatius Aphrem I Barsoum, History of the Syrian Church). ഈ രാഷ്ട്രീയ അസ്ഥിരതകൾ കാരണം സഭയുടെ കേന്ദ്രമായ അന്ത്യോക്യൻ സിംഹാസനത്തിന് പലതവണ ആസ്ഥാനങ്ങൾ മാറ്റേണ്ടി വന്നു. അന്ത്യോക്യയിൽ നിന്നും ആധുനിക തുർക്കിയിലെ മൽത്വിയ, അമിദ് എന്നീ നഗരങ്ങളിലേക്കും ഒടുവിൽ തൂർആബ്ദീൻ മലനിരകളിലുള്ള ചരിത്രപ്രസിദ്ധമായ മോർ ഹനാനിയാ (കുർക്കുമോ) ദയറയിലേക്കും പാത്രിയർക്കൽ ആസ്ഥാനം മാറ്റപ്പെട്ടു.


ക്രിസ്തുവർഷം 1293 മുതൽ 1933 വരെയുള്ള സുദീർഘമായ ആറ് നൂറ്റാണ്ടുകൾ ഈ പരിശുദ്ധ ദയറയായിരുന്നു സഭയുടെ ആത്മീയ സിരാകേന്ദ്രമായി നിലകൊണ്ടിരുന്നത് (Patriarch Ignatius Aphrem I Barsoum, History of the Syrian Church). മംഗോളിയൻ ഭരണാധികാരിയായ തിമൂർന്റെ ക്രൂരമായ അധിനിവേശങ്ങളും പിൽക്കാലത്തെ പ്രാദേശിക യുദ്ധങ്ങളും ക്രൈസ്തവ ജനതയെയും സന്യാസ കേന്ദ്രങ്ങളെയും ഏതാണ്ട് പൂർണ്ണമായി തകർത്തെങ്കിലും ഈ ദയറയിലെ കാനോനിക പൗരോഹിത്യ ശൃംഖലയിലൂടെ പൗരോഹിത്യ കൈവെപ്പ് മുറിയാതെ കാത്തുസൂക്ഷിക്കപ്പെട്ടു (Mor Gregorios Bar Ebroyo, Ecclesiastical History). അനേകം വിശുദ്ധന്മാരുടെ പ്രാർത്ഥനയാലും സന്യാസിമാരുടെ ആത്മത്യാഗത്താലും ഈ ആത്മീയ കോട്ട ചരിത്രത്തിൽ ഉടനീളം കാത്തുസൂക്ഷിക്കപ്പെട്ടു പോന്നു.

എന്നാൽ സഭയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ വംശഹത്യ അരങ്ങേറിയത് ഒന്നാം ലോകമഹായുദ്ധകാലത്തായിരുന്നു. ഒട്ടോമൻ ഭരണകൂടം നടത്തിയ സെയ്ഫോ കൂട്ടക്കൊലയിൽ ലക്ഷക്കണക്കിന് സുറിയാനി ക്കാരും, ഏഴു മെത്രാന്മാരും അനേകം വൈദികരും രക്തസാക്ഷികളായി തീർന്നു (Patriarch Ignatius Aphrem I Barsoum, History of the Syrian Church; David Gaunt, Massacres, Resistance, Protectors). നൂറ്റാണ്ടുകളായി തങ്ങൾ പ്രാർത്ഥിച്ചു വളർന്ന തുർക്കിയിലെ തൂർആബ്ദീൻ, മർദ്ദീൻ തുടങ്ങിയ പുണ്യഭൂമികളിൽ നിന്ന് വിശ്വാസികൾക്ക് പൂർണ്ണമായി പലായനം ചെയ്യേണ്ടി വന്നു. ഈ കടുത്ത പ്രതിസന്ധി ഘട്ടത്തിൽ പാത്രിയർക്കീസായിരുന്ന ഇഗ്നാത്തിയോസ് ഏലിയാസ് മൂന്നാമൻ ബാവായുടെയും തുടർന്നു വന്ന മോർ ഇഗ്നാത്തിയോസ് അപ്രേം ഒന്നാമൻ ബർസൗം ബാവായുടെയും ധീരമായ നേതൃത്വമാണ് സഭയെ പൂർണ്ണമായ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. തുർക്കിയിൽ നിന്ന് മാറ്റപ്പെട്ട പാത്രിയർക്കൽ ആസ്ഥാനം താൽക്കാലികമായി ഹോംസിലും തുടർന്ന് 1959 ൽ സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലേക്കും മാറ്റിസ്ഥാപിക്കപ്പെട്ടു. 

ലബനൻ, സിറിയ, ഇറാഖ് തുടങ്ങിയ മധ്യപൂർവ്വേഷ്യൻ രാജ്യങ്ങളിലേക്ക് ചിതറിപ്പോയ സഭയെ ഈ പ്രതിസന്ധികളിലും ആത്മീയമായി ഒരുമിപ്പിച്ചു നിർത്താൻ ഈ സാരഥികൾക്ക് കഴിഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സിറിയയിലും ഇറാഖിലും ഉണ്ടായ ആഭ്യന്തര യുദ്ധങ്ങളും ഭീകരാക്രമണങ്ങളും സഭയെ വീണ്ടും രക്തസാക്ഷിത്വത്തിന്റെ വഴികളിലേക്ക് നയിച്ചെങ്കിലും ദൈവത്താൽ സ്ഥാപിതമായ പത്രോസിന്റെ സിംഹാസനം അചഞ്ചലമായി നിലകൊണ്ടു.

വിശുദ്ധ പത്രോസ് ശ്ലീഹായിൽ ആരംഭിച്ച് മോർ സേവേറിയോസിലൂടെ സംരക്ഷിക്കപ്പെട്ട് മോർ യാക്കോബ് ബൂർദോനോയിലൂടെ പുനരുജ്ജീവിപ്പിക്കപ്പെട്ട ആ പരിശുദ്ധ കൈവെപ്പിന്റെ അവിച്ഛിന്നമായ ശൃംഖലയാണ് ഇന്ന് അന്ത്യോക്യയുടെയും കിഴക്കൊക്കെയുടെയും പാത്രിയർക്കീസായ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ ബാവായിൽ എത്തിനിൽക്കുന്നത്. പത്രോസിന്റെ വിശുദ്ധ സിംഹാസനത്തിലെ 123-ാമത്തെ ആധികാരിക സാരഥിയായ അദ്ദേഹത്തിലൂടെ ഒന്നര സഹസ്രാബ്ദക്കാലത്തെ പീഡനങ്ങളെയും വംശഹത്യകളെയും അതിജീവിച്ച ആ അപ്പോസ്തോലിക പൗരോഹിത്യ പിന്തുടർച്ച ഇന്നും ആഗോള സുറിയാനി ഓർത്തഡോക്സ് സഭയിലും അതിന്റെ അവിഭാജ്യ ഭാഗമായ മലങ്കരയിലെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലും വിശ്വസ്തതയോടെ ജീവനോടെ നിലനിൽക്കുന്നു.


യുഗങ്ങളായി കനൽവഴികളിൽ മുറിയാതെ കാത്തുസൂക്ഷിച്ച ഈ അപ്പോസ്തോലിക പൗരോഹിത്യ പിന്തുടർച്ച തന്നെയാണ് ഇന്നും സഭയുടെ നിലനിൽപ്പിന്റെയും ആധികാരികതയുടെയും പരമമായ അടിസ്ഥാനമായി നിലകൊള്ളുന്നത്. ഈ ചരിത്രപരമായ തുടർച്ച സഭയുടെ വിശുദ്ധിയെയും ശക്തിയെയും ലോകസമക്ഷം വിളിച്ചോതുന്നു.


തോമസ് പൂതിയോട്ട്.

ആൽബർട്ട, കാനഡ

For More Readings:

Barsoum, Patriarch Ignatius Aphrem I. The History of the Syrian Church of Antioch. (Translated by Matti Moosa). Gorgias Press, 2008.

Bar Ebroyo, Mor Gregorios (Bar Hebraeus). Ecclesiastical History (Chronicon Ecclesiasticum). (Translated by David Wilmshurst). Gorgias Press, 2017.

John of Ephesus. Lives of the Eastern Saints. (Edited and Translated by E.W. Brooks). Patrologia Orientalis, 1923.

Michael the Syrian (Mor Michael Rabo). The Chronicle of Michael the Great, Patriarch of Antioch. (Translated by Matti Moosa). Gorgias Press, 2014.

Menze, Volker L. Justinian and the Making of the Syrian Orthodox Church. Oxford: Oxford University Press, 2008.


Comments