ശ്ലീഹാ നോമ്പ് -ശ്ലീഹന്മാരുടെ നോമ്പ്: ദൈർഘ്യവും, ആചരണവും ഒരു പഠനം
ശ്ലീഹന്മാരുടെ നോമ്പ്, വേനൽക്കാല നോമ്പ്, പത്രോസിന്റെ നോമ്പ്, പെന്തിക്കോസ്താ നോമ്പ് (കിഴക്കൻ സഭകളുടെ ഇടയിൽ) എന്നീ വിവിധ പേരുകളിൽ വിവിധ സ്ഥലങ്ങളിൽ അറിയപ്പെട്ടിരുന്ന ശ്ലീഹാ നോമ്പ്:
എല്ലാവർഷവും ഈ നോമ്പിനോട് അടുത്തുവരുമ്പോൾ ഉയർന്നുവരുന്നതായ ചർച്ചയാണ് ഈ നോമ്പിൻ്റെ ദിവസങ്ങളുടെ ദൈർഘ്യവും, ആചരണവും സംബന്ധിച്ചുള്ള തർക്കങ്ങൾ.
സുറിയാനി ഓർത്തഡോക്സ് (യാക്കോബായ) സഭ അംഗങ്ങൾ മനസ്സിലാക്കേണ്ട കാര്യം, 1946ൽ പരി. അഫ്രേം ബര്‍സൗം പാത്രിയർക്കീസ് ബാവായുടെ കൽപ്പന പ്രകാരം നോമ്പുകളുടെ ദിവസങ്ങളിൽ പുനഃക്രമീകരണം നടത്തിയിട്ടുണ്ട്. ആകമാന സുന്നഹദോസിന്റെ തീരുമാനപ്രകാരം, അനുസരിക്കാൻ ഓരോ സുറിയാനി സഭ അംഗങ്ങളും കടപ്പെട്ടിരിക്കുന്നു. ആ കൽപ്പന പ്രകാരം ശ്ലീഹ നോമ്പ് എന്നറിയപ്പെടുന്ന പരിശുദ്ധ അപ്പോസ്തോലന്മാരാൽ സ്ഥാപിക്കപ്പെട്ട നോമ്പ്, ജൂൺ മാസം 26, 27, 28 തീയതികളിൽ അനുഷ്ടിക്കപ്പെടുകയും 29)o തീയതി വിശുദ്ധ കുർബാനയോട് കൂടി അവസാനിക്കുകയും ചെയ്യും.
ഉത്ഭവവും ചരിത്രവും
ശ്ലീഹ നോമ്പുമായി ബന്ധപ്പെട്ട വ്യത്യസ്തമായ പാരമ്പര്യങ്ങൾ സുറിയാനി സഭയിൽ നിലനിന്നിരുന്നു.
ലൂക്കോസിന്റെ സുവിശേഷം 5)o അധ്യായം 33 മുതലുള്ള വാക്യങ്ങളുടെ പശ്ചാത്തലത്തിൽ മണവാളൻ കൂടെയുള്ളപ്പോൾ തോഴ്മക്കാർ ഉപവസിക്കേണ്ട ആവശ്യമില്ല എന്നാൽ മണവാളൻ ഇല്ലാത്ത ഒരു ഘട്ടത്തിൽ അവർ നോമ്പ് അനുഷ്ഠിക്കേണ്ടത് ആകുന്നു എന്ന് കാണുവാൻ സാധിക്കുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ കർത്താവിന്റെ സ്വർഗ്ഗാരോഹണം മുതൽ ശ്ലീഹന്മാർ പരിശുദ്ധാത്മാവിനായി കാത്തിരിക്കുകയുണ്ടായി.
പരിശുദ്ധ ശ്ലീഹന്മാർ കർത്താവിൻ്റെ സ്വർഗ്ഗാരോഹണ ശേഷം സെഹിയോൻ മാളികയിൽ പെന്തിക്കോസ്തി വരെ പത്ത് ദിവസം ജാഗരിച്ചിരുന്നതും പെന്തിക്കോസ്തിയിൽ പരിശുദ്ധ റൂഹായെ പ്രാപിച്ചശേഷം തങ്ങളുടെ ശുശ്രൂഷ ദൗത്യ നിർവഹണത്തിൻ്റെ ഒരുക്കമായി 50 ദിവസം നോമ്പ് അനുഷ്ഠിച്ചു. ആയത് ശ്ലീഹാ നോമ്പിന്റെ ഉത്ഭവത്തിന് അടിസ്ഥാനമിട്ടു.
ഈ നോമ്പിലൂടെ അവർ ആർജ്ജിച്ചതായ പരിശുദ്ധാത്മ ശക്തിയുടെ ഫലമായി അവർ അനേകർക്ക് രോഗസൗഖ്യം നൽകുകയും, മരിച്ചവരെ ഉയർപ്പിക്കുകയും, അനേകർക്ക് മാനസാന്തരത്തിന് മുഖാന്തരമായി തീരുകയും ചെയ്തു. അവർ ആദ്യ സുന്നഹദോസ് കൂടുന്നതും ഈ നോമ്പിന്റെ അനുഭവത്തിൽ ആണെന്ന് ചരിത്രത്തിലൂടെ മനസ്സിലാക്കാം
ദാറായിലെ മോർ യൂഹാനോൻ എന്ന പിതാവിൻ്റെ രചനയുടെ അടിസ്ഥാനത്തിൽ അപ്പോസ്തോലന്മാരാൽ ഈ നോമ്പ് സ്ഥാപിക്കപ്പെട്ടു എന്ന് മനസ്സിലാവും. ആ നോമ്പാണ് പിന്നീട് കാലാകാലങ്ങളിൽ പല ക്രമീകരണങ്ങൾക്കും വിധേയമായി ഇന്ന് കാണുന്ന ശ്ലീഹാ നോമ്പ് എന്ന മൂന്നു ദിവസത്തെ നോമ്പിൽ എത്തി നിൽക്കുന്നത്.
യൽദോ നോമ്പ് പിതാവാം ദൈവത്തെ പ്രതിയും, വലിയ നോമ്പ് പുത്രനാം ദൈവത്തെ പ്രതിയും, പെന്തിക്കോസ്തിയോട് അനുബന്ധിച്ച് ശ്ലീഹന്മാരാൽ ആരംഭിച്ച ഈ നോമ്പ് പരിശുദ്ധാത്മാവിനെ പ്രതിയുമാണ് ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. ഇത് മർദ്ദിനിലെ മോർ യൂഹാനോൻ പിതാവ് ഉൾപ്പെടെയുള്ള പല സഭാ പിതാക്കന്മാരുടെ എഴുത്തുകളിൽ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. ആദ്യ നൂറ്റാണ്ടുകളിൽ ഈ മൂന്ന് നോമ്പ് മാത്രമേ സഭയിൽ ആചരിച്ചിരുന്നുള്ളൂ.
ശ്ലീഹന്മാരുടെ നോമ്പ് എന്ന് അറിയപ്പെടുന്ന ഈ നോമ്പ് ഒരിക്കലും പരിശുദ്ധ ശ്ലീഹന്മാർ അവർക്ക് വേണ്ടി സ്വന്തമായി സ്ഥാപിച്ച നോമ്പല്ല, അത് നമ്മളിലെ തെറ്റിദ്ധാരണയാണ്, അല്ലെങ്കിൽ ചില തെറ്റായ പഠിപ്പിക്കലുകളുടെ സ്വാധീനമാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള ഉടമ്പടി, ബന്ധം, ദൈവത്തോട് കൂടിയുള്ള വാസം ഇതൊക്കെയാണ് നോമ്പ്. മിക്കവാറും പല മാറാനായ പെരുന്നാളുകളോടും, വിശുദ്ധരുടെ പെരുന്നാളുകളോടും ചേർന്ന് കാനോനികമായ നോമ്പുകൾ വരാറുണ്ട്. ദൈവമാതാവിൻ്റെ ശൂനോയോ പെരുന്നാൾ, പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ പെരുന്നാൾ മുതലായവ. എന്നാൽ അതിനു മുമ്പായി നടത്തപ്പെടുന്ന നോമ്പ് ആ പെരുന്നാളുകൾക്ക് വേണ്ടിയുള്ള നോമ്പാണ് എന്ന് നാം തെറ്റിദ്ധരിക്കരുത്. മറിച്ച് ആ പെരുന്നാളുകളുമായി ബന്ധപ്പെട്ട് നടന്ന ദൈവിക ഇടപെടലുകളെ ഓർത്ത് ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുവാനുള്ള കാലയളവായിട്ട് നാം അതിനെ മനസ്സിലാക്കണം. ദൈവവും മനുഷ്യനും തമ്മിലുള്ള ഉടമ്പടിയാണ് നോമ്പ്. അത് വിശുദ്ധന്മാർക്കുവേണ്ടി നമ്മൾ എടുക്കുന്ന ഒന്നല്ല. ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട വിശുദ്ധരായ ആളുകൾക്ക് വേണ്ടി നാം വീണ്ടും നോമ്പെടുക്കേണ്ട കാര്യമില്ല. അവരോട് ചേർന്ന് നാം നമുക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുവാനും ദൈവത്തെ സ്തുതിക്കുവാനുമുള്ള കാലയളമായി ഇതിനെ മനസ്സിലാക്കണം.
മർദ്ദിനിലെ മോർ യൂഹാനോൻ എന്ന പിതാവിന്റെയും, സ്വർണ്ണ നാവുകാരനായ മോർ ഈവാനിയോസിന്റെയും മറ്റും എഴുത്തുകളുടെ അടിസ്ഥാനത്തിലും, ഈ നോമ്പിൻറെ കാലയളവിലെ പ്രാർത്ഥനകളുടെ അടിസ്ഥാനത്തിലും നമുക്ക് മനസ്സിലാക്കാവുന്ന കാര്യം, ഇത് പരിശുദ്ധാത്മാവിനെ പ്രതിയുള്ള ഒരു നോമ്പ് ആണെന്നുള്ളതാണ്. പരിശുദ്ധാത്മാവിനെ പ്രാപിച്ച ശ്ലീഹന്മാർ തുടർന്നുള്ള ദിവസങ്ങളിൽ അനുഷ്ഠിച്ച് തുടക്കം കുറിച്ച നോമ്പാണിത്.
ഈ നോമ്പുമായി നേരിട്ട് ബന്ധം ഇല്ലെങ്കിലും സമാനമായ രീതിയിൽ പൂർവികരായ പല മെത്രാപ്പോലീത്തന്മാരും പരിശുദ്ധാത്മ സ്വീകരണത്തിനു ശേഷം (മെത്രാപ്പോലീത്ത സ്ഥാനാരോഹണത്തിനെ) തുടർന്നുള്ള ദിവസങ്ങളിൽ നോമ്പ് അനുഷ്ഠിച്ചതായി നമുക്ക് ചരിത്രത്തിൽ കാണുവാനായിട്ട് സാധിക്കും.
എഡ്ഡേസ്സായിലെ മോർ യാക്കൂബിന്റെ എഴുത്തുകളിൽ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നത് ആദ്യ കാലങ്ങളിൽ ഇവ പ്രേക്ഷിതപ്രവർത്തകർ, സന്യസ്ഥർ മുതലായവർ അനുഷ്ഠിച്ചിരുന്ന നോമ്പായിരുന്നു, പിന്നീട് കാലാകാലങ്ങളിൽ ആണ് ഇവ സാധാരണ വിശ്വാസികളുടെ നോമ്പിന്റെ ഭാഗമായി ചേർക്കപ്പെട്ടത്.
ആദ്യ നൂറ്റാണ്ടുകളിൽ പെന്തിക്കോസ്താ നോമ്പ്-സുറിയാനി സഭയിലെ ആളുകൾ, പ്രത്യേകിച്ച് ദയറാ വാസികൾ, പുതുഞായറാഴ്ച്ച അസ്തമിച്ചു വരുന്ന തിങ്കളാഴ്ച മുതൽ പെന്തികോസ്തി പെരുന്നാൾ വരെ അനുഷ്ഠിച്ചു വന്നിരുന്നു, എന്നാൽ പിന്നീട് അതിന് മാറ്റം വരുത്തി, സ്വർഗ്ഗാരോഹണം മുതൽ കാത്തിരിപ്പിന്റെ നാളുകളായി പുനക്രമീകരിച്ചു.
പ്രാചീന റോമാ സാമ്രാജ്യവുമായി ബന്ധപ്പെട്ട് കിടന്നിരുന്നതും, യൂഫ്രട്ടീസ് നദിക്ക് പടിഞ്ഞാറ് വരുന്ന പ്രദേശങ്ങളായ സിറിയ ലെബനോൻ, ടർക്കി, ജെറുസലേം മുതലായ പ്രദേശങ്ങളിൽ ഈ നോമ്പ് പെന്തിക്കോസ്തി പെരുന്നാൾ കഴിഞ്ഞുവരുന്ന തിങ്കളാഴ്ച മുതൽ ജൂൺ 29 മോർ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മ വരെയായിരുന്നു. അങ്ങനെ വരുമ്പോൾ ആ നോമ്പിന് കൃത്യമായ ദിവസ കണക്ക് ഇല്ലായിരുന്നു, കാരണം പെന്തിക്കോസ്തി ഞായറാഴ്ച തിയതി വരുന്നതിനെ ആശ്രയിച്ചായിരുന്നു അത്.
എന്നാൽ അതിന് കിഴക്ക് പ്രദേശങ്ങളായ ഇറാഖ് മുതലായ സ്ഥലങ്ങളിൽ ശ്ലീഹാ നോമ്പ് പെന്തിക്കോസ്തി പെരുന്നാൾ കഴിഞ്ഞു വരുന്ന തിങ്കളാഴ്ച മുതൽ 50 ദിവസം എന്ന കണക്കിൽ ആചരിച്ചിരുന്നു. അങ്ങനെ വരുമ്പോൾ പിന്നീട് സഭയിൽ ക്രമീകരിക്കപ്പെട്ട പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മയും, ശ്ലീഹന്മാരുടെ പൊതുവായ ഓർമ്മയും (ജൂൺ 30) ഈ നോമ്പ് ദിവസങ്ങളിൽ കടന്നുവരുമായിരുന്നു.
പതിമൂന്നാം നൂറ്റാണ്ടിൽ ബാർ എബ്രായ ഹൂദായ കാനോൻ ക്രോഡീകരിച്ച കാലയളവിൽ മുകളിൽ പ്രസ്താവിച്ച രണ്ട് രീതിയിലും നോമ്പ് നിലനിന്നിരുന്നതായി മനസ്സിലാക്കുവാൻ സാധിക്കും. എന്നാൽ അദ്ദേഹത്തിൻറെ ക്രോഡീകരണപ്രകാരം ഈ നോമ്പ് ജൂൺ 29ാം തിയതി അവസാനിക്കത്തക്ക രീതിയിൽ പുനഃക്രമീകരിച്ചു.
ഇതുകൂടാതെ ഗ്രിഗോറിയൻ-ജൂലിയൻ കലണ്ടറുകളുടെ വ്യത്യാസവും സുറിയാനി സഭയിലെ ശ്ലീഹാ നോമ്പ് ആചരണത്തെ ഒരു പരിധിവരെ ബാധിച്ചിരുന്നു.
ചുരുക്കത്തിൽ പെന്തിക്കോസ്തി മുതൽ ആരംഭിച്ച്, ജൂൺ 29 ആം തീയതി അവസാനിക്കുമെങ്കിൽ ഉയിര്‍പ്പ് പെരുന്നാള്‍ ദിവസം അനുസരിച്ച് ഈ നോമ്പിന്റെ ദൈര്‍ഘ്യം വരുന്നത് വ്യത്യസ്തപെട്ടിരിക്കും. എന്നാൽ മറ്റു പ്രദേശങ്ങളിൽ പെന്തിക്കോസ്തി മുതൽ 50 ദിവസം നോമ്പ്, അങ്ങനെ ഈ നോമ്പിന് കൃത്യമായ ഒരു ദിവസ കണക്ക് ചരിത്രത്തിൽ നമുക്ക് കാണുവാനായി സാധിക്കുകയില്ല.
ഇത് കൂടാതെ വലിയ നോമ്പ് കഴിഞ്ഞ് അധികം വൈകാതെ ദൈർഘ്യമേറിയ ഈ നോമ്പ് വീണ്ടും കടന്നു വരുന്നതിലൂടെ ഒരു വർഷത്തിലെ നോമ്പുകളുടെ എണ്ണം വളരെ കൂടുതലായി വരുകയും സാധാരണ വിശ്വാസികൾക്ക് പലപ്പോഴും അത് പാലിക്കുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ പണ്ഡിതശ്രേഷ്ഠരായ പിതാക്കന്മാർ ഒരുമിച്ച് കൂടി പരിശുദ്ധാത്മാവിൽ പ്രേരിതരായി പുനർക്രമീകരിച്ചതാണ് ഇന്ന് കാണുന്ന മൂന്നു ദിവസം എന്ന ക്രമീകരണം.
മലങ്കരയിലെ ശ്ലീഹാ നോമ്പും 13 ദിവസം എന്ന കണക്കും.
1599ലെ ഉദയംപേരൂർ സുന്നഹദോസിന്റെ രേഖകളിൽ മലങ്കരയിലെ സുറിയാനി ക്രിസ്ത്യാനികൾ പെന്തിക്കോസ്തി കഴിഞ്ഞവരുന്ന തിങ്കളാഴ്ച മുതൽ ഉള്ള ദിവസങ്ങളിൽ ശ്ലീഹാ നോമ്പ് ആചരിച്ചതായി കാണുവാൻ ആയിട്ട് സാധിക്കും, അങ്ങനെ വരുമ്പോൾ ആ കാലയളവിൽ 13 ദിവസം എന്ന കണക്ക് ഇല്ലായിരുന്നു.
1686ൽ ചെങ്ങന്നൂരിൽ മോർ ഹിദായത്തുള്ള ബാവയുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൻ്റെ രേഖകളിലും ഇവിടെ നിലനിന്നിരുന്ന നോമ്പുകൾ പ്രസ്താവിച്ച അതേ രീതിയായിരുന്നു എന്ന് കാണുവാൻ സാധിക്കും, അവിടെയും 13 ദിവസം എന്ന കണക്ക് ഇല്ല.
1869ൽ പ്രസിദ്ധീകരിച്ച മലബാറിലെ സുറിയാനി ക്രിസ്ത്യാനികൾ എന്ന പുസ്തകത്തിലാണ് ആദ്യമായി ഈ നോമ്പ് 13 ദിവസം വരുന്ന രീതിയിൽ ഒരു കണക്ക് നമുക്ക് കാണുവാൻ സാധിക്കുന്നത്. അങ്ങനെയെങ്കിൽ 1869 മുതൽ 1890 വരെയോ അതും അല്ലെങ്കിൽ 1946 വരെയുള്ള 77 വർഷക്കാലം കൂടിപ്പോയാൽ ഒരു നൂറ്റാണ്ടിൽ താഴെ മാത്രം വരാൻ സാധ്യതയുള്ള ഒരു കണക്കാണ് 13 ദിവസം എന്ന കണക്ക്.
എന്നാൽ ഇതിന് പ്രസക്തി കൂടുതൽ ലഭിച്ചത് പരി: അഫ്രേം ബർസോം ബാവയുടെ കൽപ്പനയെ ഇകഴ്ത്തി കാണിക്കുവാൻ മലങ്കരയിലെ ഒരു വിഭാഗത്തിൻ്റെ അന്നത്തെ തലവൻ ഇറക്കിയ ഒരു കല്പനയും, തുടർന്ന് ആ വിഭാഗം 13 എന്ന തീയതിയിൽ ഉറച്ചുനിൽക്കുകയും 12 അപ്പസ്തോലന്മാരും പൗലോസ് ശ്ലീഹായും ഉൾപ്പെടെ 13 എന്ന രീതി ആണ് അനുവർത്തിക്കപ്പെടുന്നത് എന്ന പുതിയ വ്യാഖ്യാനവും ചമച്ചു. സ്വന്തമായി പ്രസിദ്ധീകരണങ്ങൾ ഉണ്ടായിരുന്ന ആ കൂട്ടർ അതിനെ സാധൂകരിക്കത്തക്ക രീതിയിൽ തുടർന്ന് പല പുസ്തകങ്ങളും, ലേഖനങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതുകൂടാതെ ഇതിനുമുമ്പ് ഏകദേശം ഒരു നൂറ്റാണ്ട് ഇവിടെ നിലനിന്നിരുന്ന 13 ദിവസം എന്ന കണക്കിന്റെ സ്വാധീനവും കൂടിച്ചേർന്നപ്പോൾ നമ്മുടെ ആളുകളിൽ ഇതൊരു സംശയമായി അവശേഷിച്ചു.
എന്നാൽ നാം മനസ്സിലാക്കേണ്ട വസ്തുത, ചരിത്രപരമായോ വേദശാസ്ത്രപരമായോ ശ്ലീഹാ നോമ്പിന് 13 ദിവസം എന്ന കണക്കുമായി ഒരു ബന്ധവുമില്ല. മുൻ പ്രസ്താവിച്ചത് അനുസരിച്ച് ഇത് ശ്ലീഹന്മാർക്ക് വേണ്ടിയുള്ള നോമ്പേ അല്ല. അപ്പോൾ 12 അപ്പോസ്തോലന്മാരും, പൗലോസ് ശ്ലീഹായും ചേർന്ന് 13 എന്ന പഠിപ്പിക്കൽ തെറ്റാണ്, ഇത് കൂടാതെ നാം മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത, ശ്ലീഹന്മാരുടെ ഓർമ്മ ആരംഭിച്ച കാലം മുതൽ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മ ഒന്നിച്ചാണ് നടത്തിവരുന്നത്, അപ്പോൾ അവരെ വേർതിരിച്ച് രണ്ടായി കാണുന്നതും തെറ്റാണ്. അല്ലെങ്കിൽ തന്നെ പരിശുദ്ധാത്മാവിന് ലഭിക്കേണ്ട പുകഴ്ചയുടെ ഈ നോമ്പിനെ ശ്ലീഹന്മാരുടെ നോമ്പായി വ്യാഖ്യാനിക്കുന്നതിലൂടെ, ദൈവനിഷേധവും, ശ്ലീഹന്മാർ സ്വന്തമായി അവർക്കുവേണ്ടി നോമ്പ് സ്ഥാപിച്ച് എന്ന തരത്തിൽ അവരെ അവഹേളിക്കുന്നതും ആണ്.
ഉപസംഹാരം
അവസാനമായി, ഈ നോമ്പുകൾ എല്ലാം ഇത്ര ഇത്ര ദിവസമായി നിശ്ചയിച്ച് കാലാകാലങ്ങളിലെ പരിശുദ്ധ സുന്നഹദോസ് ആണ്. അതേപോലെ തന്നെ കാലത്തിനനുസൃതമായി ഈ നോമ്പ് ദിവസങ്ങൾ പരിഷ്കരിച്ചതും പരി: സുന്നഹദോസുകൾ തന്നെയാണ്. ആയതുകൊണ്ട് ആദ്യത്തെ കല്പനകളെ ഞങ്ങൾ അനുസരിക്കൂ, പിന്നത്തേത് ഞങ്ങൾ അനുസരിക്കില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല.
13 ദിവസം വ്യക്തിപരമായി ഒരാൾക്ക് നോമ്പു നോക്കുന്നതിൽ തടസ്സമില്ല. എന്നാൽ സഭ ഔദ്യോഗികമായി നിശ്ചയിച്ചിരിക്കുന്ന നിർബന്ധിത നോമ്പ് ദിവസങ്ങളാണ് 26 മുതൽ 29 വരെയുള്ള "3" ദിനങ്ങൾ. കാര്യങ്ങളെ അത്തരത്തിൽ മനസ്സിലാക്കണം, ആരും നോമ്പ് നോക്കണ്ട എന്ന് സഭ പഠിപ്പിക്കാറില്ല.
"എല്ലാം പഴമയിലോട്ട് പോകണം" എന്ന് വാദിക്കുന്ന ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്, അവർ മനസ്സിലാക്കേണ്ട വസ്തുത, ആദ്യ കുറേ നൂറ്റാണ്ടുകളിൽ മിക്ക നോമ്പുകളും 40 ദിവസമായിരുന്നു, ശ്ലീഹാ നോമ്പ് പെന്തിക്കോസ്തി കഴിഞ്ഞ് അടുത്ത ദിവസം ആരംഭിക്കുകയും അത് 50 ദിവസം വരെ നീണ്ടു നിന്നിട്ടുമുണ്ട്. അങ്ങനെയെങ്കിൽ എല്ലാം പഴമയിലോട്ട് പോകണം എന്ന് വാദിക്കുന്നവർ, യൽദോ നോമ്പും, വലിയ നോമ്പും, ശൂനോയോ നോമ്പും, ശ്ലീഹ നോമ്പും എല്ലാം 40, 50 ദിവസം എടുക്കാൻ തയ്യാറാവണം. കാരണം അതായിരുന്നു ഏറ്റവും പഴയ രീതി. അത് സാധിക്കുമോ? അങ്ങനെ പറയുമ്പോൾ പറയും, ഞങ്ങൾ ഇടക്കാലത്ത് പോലെ 25, 15, 13-നും ഒക്കെ നോക്കിക്കോളാം എന്ന്.
പ്രിയമുള്ളവരെ 50, 40 എന്നുള്ളത് ചുരുക്കി 25, 15, ഒക്കെ ആക്കി തന്നത് കാലാകാലങ്ങളിലെ പരി.സുന്നഹദോസുകൾ ആണ്. അതുപോലെ ഈ കാലഘട്ടം വന്നപ്പോൾ അത് വീണ്ടും 50, 10, 3, 5 ഒക്കെയായി കാലത്തിനനുസൃതമായി ക്രമീകരിച്ചു എന്ന് മാത്രം.
ആദ്യകാലങ്ങളിലേത് പോലെ 50 തോ ഇട കാലങ്ങളിലെ പോലെ പതിമൂന്നോ ഇപ്പോഴത്തെ പോലെ മൂന്നോ ഏതും ഒരു വിശ്വാസിക്ക് നോക്കാം. സഭ ആരെയും തടയുന്നില്ല. എന്നാൽ സഭ നിശ്ചയിച്ചിരിക്കുന്ന നിർബന്ധിതമായ ദിവസങ്ങൾ "3"
ഈ 3 ദിവസം എങ്കിലും കൃത്യമായി നോമ്പ് അനുഷ്ഠിക്കുക എന്നതാണ് മുഖ്യം. ഈ മൂന്നു ദിവസം എങ്കിലും കൃത്യമായി നോമ്പിനെ അനുഷ്ഠിക്കുന്ന എത്ര പേർ ഉണ്ട് നമ്മളിൽ? ദിവസത്തിൻറെ ദൈർഘ്യത്തിൽ അല്ല, മറിച്ച് ആ നോമ്പിനോടുള്ള ആത്മാർത്ഥതയും ദൈവത്തോടുള്ള ബന്ധവും എത്രമാത്രം നാം കാത്തുസൂക്ഷിക്കുന്നു എന്നതാണ് പ്രാധാന്യം.
അനുഗ്രഹപ്രദമായ ഒരു നോമ്പ് അനുഷ്ഠിക്കുവാനും ദൈവത്തിൽ നിന്ന് കരുണ പ്രാപിക്കുവാനും നമുക്ക് സാധിക്കട്ടെ.
(ഹൈമോനുസോ സ്റ്റഡി ഗ്രൂപ്പിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ലേഖനം.)
References
Patriarchal Encyclical by H.H.Patriarch Ignatius Zakka I Iwas (Fasting: A Definition)
The Fast of the Apostles in the early Church and the later Syriac and Coptic practice.
The spiritual treasure on Canonical Prayer by H H Patriarch Ignatius Ephraim Bursom.
The ecclesiastical canons of Johannan of Marde(st John of Mardin)
Prayers and Fasts According to Bar Ebroyo (Doctoral Thesis) by Fr. Biji Chirathilattu
Bar Hebraeus Nomo-canon (Malayalam) translated by H G Mor Yulios Yaqub Metropolitan.
The Commentary of John Of Dara On the Eucharist: Dr. Baby Varghese
Canonical Fast on the West Syrian Tradition - The Harp (Volume 7) Dr. Baby Varghese
The history of the church of Malabar by Michael Geddes
Fasting in the Syriac Orthodox Church Of Antioch
(https://www.soc-wus.org/page.php?id=870)
Hymonutho Talks - Rev. Ber-Youhanon Raban ( https://youtu.be/uNGfeur0JCs)
Apostles Fast in Syriac Orthodox Church, Slooso Voice, Rev. Gabriel Raban (https://youtu.be/uaqnszhjHjg)
Comments
Post a Comment